ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ അംഗീകരിക്കില്ല…. വി. ശിവൻകുട്ടി

തിരുവനന്തപുരം:സ്കൂൾ വിദ്യാഭ്യാസ രംഗത്ത് കച്ചവട മനോഭാവത്തോടെ നടത്തുന്ന കുറച്ച് സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ചില സ്കൂളുകളിൽ ഒന്നാം ക്ലാസിന്റെ പ്രവേശനം ഇതിനകം ആരംഭിച്ചു കഴിഞ്ഞുവെന്നും ഇത് കെ.ഇ.ആറിൻ്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു….

ജൂൺ 1നാണ് സ്കൂൾ തുറക്കുന്നത്. പ്രവേശനത്തിൻ്റെ കാര്യങ്ങൾ സംബന്ധിച്ചിടത്തോളവും, സ്കൂൾ തുറക്കുന്ന കാര്യങ്ങൾ സംബന്ധിച്ചിടത്തോളവുമൊക്കെ, കേരള എജുക്കേഷൻ റൂളിൽ കൃത്യമായി തന്നെ പറഞ്ഞിട്ടുണ്ട്. ജൂൺ 1ന് മുമ്പാണ് ക്ലാസ്സ്‌ തുടങ്ങാൻ വേണ്ടിയുള്ള അപേക്ഷ സ്വീകരിക്കുന്നത്. ചില സ്കൂളുകളിൽ എനിക്ക് കിട്ടിയ വിവരം ശരിയാണെങ്കിൽ ഒന്നാം ക്ലാസ്സിന്റെ അഡ്മിഷൻ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു. ഒന്നാം ക്ലാസ്സിന്റെ അഡ്മിഷൻ ആരംഭിച്ചത് മാത്രമല്ല, കുട്ടിക്ക് എൻട്രൻസ് പരീക്ഷയും കൂടി ഉണ്ട്. അത് കേരളത്തിൽ അംഗീകരിച്ച് കൊടുക്കാൻ കഴിയുന്ന കാര്യമല്ല. ബാലപീഡനമാണ് നടക്കുന്നത്. അത് കഴിഞ്ഞിട്ട് രക്ഷകർത്താവിന് ഒരു ഇന്റർവ്യു ഉണ്ട്. അപ്പോൾ അമ്മ പഠിപ്പോടെ പഠിപ്പാണ് ഈ ഇന്റർവ്യൂന് മറുപടി പറയുന്നതിന് വേണ്ടി. അവസാനം അമ്മയും കുഞ്ഞും ഒരു വഴിക്കാകും. അത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല…

ഒന്നാം ക്ലാസിൽ അക്കാദമികമായി ഒന്നും വേണ്ട എന്നാണ് സർക്കാർ ആലോചിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പാഠപുസ്തകവും വേണ്ട, എൻട്രൻസ് പരീക്ഷയും വേണ്ട, അവൻ സന്തോഷത്തോടുകൂടി സ്കൂളിൽ വരട്ടെ, അവൻ പ്രകൃതിയെ മനസ്സിലാക്കട്ടെ, അവൻ ഭരണഘടനയുടെ കാര്യങ്ങൾ മനസ്സിലാക്കട്ടെ, ഒരു പൗരൻ എന്ന നിലയിൽ വളർന്നു വരുമ്പോൾ ശീലിക്കേണ്ട കാര്യങ്ങൾ മനസ്സിലാവട്ടെ. അതെല്ലാം മനസ്സിൽ കേറുന്ന സമയം ഈ ഒന്നാം ക്ലാസ്സിലൊക്കെയാണ്. ലോകത്തിലെ പല രാജ്യങ്ങളിലും ഒന്നാം ക്ലാസിൽ ഒരു സിലബസും ഇല്ല. എന്നുമാത്രമല്ല, ഒരു സ്കൂളിൽ ഒന്നാം ക്ലാസിൽ ചേരാൻ അപേക്ഷ കൊടുത്താൽ, ആ അപേക്ഷ നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ബാലാവകാശ നിയമങ്ങൾക്ക് എതിരാണ്….

പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുക്കണം. അങ്ങനെ പങ്കെടുക്കാത്തതിന്റെ അടിസ്ഥാനത്തിൽ അവരുടെ ഊർജ്ജവും ശക്തിയും ചിന്തയും മറ്റു പല ദിശയിലേക്കും മാറിക്കൊണ്ടിരിക്കുന്നു എന്നൊരു കാര്യം ഈ സമീപകാലത്തുണ്ടായ സംഭവ വികാസങ്ങൾ തെളിയിക്കുകയാണ്. രക്ഷകർത്താക്കളായ നമുക്കറിയില്ല, ഒരു കാര്യങ്ങളും അറിയില്ല നമ്മൾ. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുന്ന അവസ്ഥയിലാണ് നമ്മൾ അക്കാര്യങ്ങൾ അറിയുന്നത്. ആ ഒരു കാര്യം ഞാൻ ചൂണ്ടിക്കാണിക്കുകയാണ്…..

ചില സ്കൂളുകളിൽ പി.ടി.എ. പണം വാങ്ങുന്ന പ്രവണതയുണ്ട്. സർക്കാർ സ്കൂൾ ആയാലും സ്വകാര്യ സ്കൂൾ ആയാലും, പി.ടി.എ. ഫീസ് വാങ്ങുന്നത് കുറച്ച് കൂടുതലാണ്. ഓരോ ക്ലാസ്സിലും 100 രൂപ, 50 രൂപ വെച്ച് വാങ്ങുന്നത് മനസ്സിലാക്കാം . ഇവിടെ 2500, 3000, 5000 വരെ വാങ്ങുന്ന സ്ഥാപനങ്ങൾ ഉണ്ട് എന്ന കാര്യം എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കർശന നടപടി അത്തരം സ്കൂളുകൾക്ക് എതിരെ എടുക്കും. അത്തരം പി.ടി.എ. ഇവിടെ പ്രവർത്തിക്കാൻ അനുവദിക്കുന്ന പ്രശ്നം ഇല്ല. വളരെ കർശനമായി നിലപാട് അക്കാര്യത്തിൽ സ്വീകരിക്കുന്നതാണ്.

അംഗീകാരം ഇല്ലാത്ത സ്കൂളുകളാണ് മറ്റൊരു പ്രശ്നം. പ്രാരംഭമായിട്ട് ഇവിടെ ഒരു പരിശോധന നടത്തിയ അവസരത്തിൽ കണ്ടത് 872 സ്കൂളുകൾ അങ്ങനെയുണ്ട് എന്നാണ്…. നിയമമനുസരിച്ചു നോട്ടീസ് കൊടുക്കണം. സ്വന്തമായിട്ട് ഓരോ കെട്ടിടം അങ്ങോട്ട് വാടകയ്ക്ക് എടുക്കുക, ഒരു ബോർഡ്‌ എഴുതി വയ്ക്കുക, പാവപ്പെട്ട കുറച്ച് ടീച്ചർമാർക്ക് ശമ്പളം കൊടുക്കാതെ അങ്ങോട്ട് നിയമിക്കുക, അവരുടെ ക്വാളിഫിക്കേഷൻ എന്താണെന്ന് നോക്കുകയില്ല. എന്നിട്ട് അവര് തന്നെ സിലബസ് തയ്യാറാക്കും, അവര് തന്നെ പരീക്ഷ നടത്തും, അവര് തന്നെ റിസൾട്ട്‌ പ്രഖ്യാപിക്കും,…. എല്ലാം അവരാണ്. അത് കേരളത്തിൽ നടപ്പാക്കാൻ കഴിയില്ല എന്നുള്ള കാര്യം കൂടി ഞാൻ ചൂണ്ടികാണിക്കാൻ ആഗ്രഹിക്കുകയാണ്….


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.