വിഴിഞ്ഞം പദ്ധതി കൊണ്ടുവന്ന ഉമ്മന്‍ ചാണ്ടിയെ വിസ്മരിച്ചു, വല്ലവരും ചെയ്യുന്നതിന്റെ പിതൃത്വം ഏറ്റെടുക്കുന്നത് പിണറായിയുടെ സ്ഥിരം പരിപാടി; ബി.ജെ.പിയും സി.പി.എമ്മും ഒന്നിച്ചാണോ പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നത്?

വിഴിഞ്ഞം പദ്ധതി കൊണ്ടുവന്ന ഉമ്മന്‍ ചാണ്ടിയെ വിസ്മരിച്ചു, വല്ലവരും ചെയ്യുന്നതിന്റെ പിതൃത്വം ഏറ്റെടുക്കുന്നത് പിണറായിയുടെ സ്ഥിരം പരിപാടി; ബി.ജെ.പിയും സി.പി.എമ്മും ഒന്നിച്ചാണോ പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നത്?

 

 

കോട്ടയം:

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പ്രതിപക്ഷത്തെ ക്ഷണിച്ചില്ല. അത് സര്‍ക്കാരിന്റെ തീരുമാനമാണ്. അതില്‍ പരിഭവവും പരാതിയുമില്ല. ആദ്യം വിഴിഞ്ഞത്ത് കപ്പല്‍ അടുത്തപ്പോള്‍ ക്ഷണിച്ചിരുന്നു. അതു കഴിഞ്ഞ് നടത്തിയ പരിപാടിയിലേക്കും ഇപ്പോഴത്തെ പരിപാടിയിലേക്കും ക്ഷണിച്ചിട്ടില്ല. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായ പരിപാടിയാണെന്നും സര്‍ക്കാരിന്റെ വാര്‍ഷികവുമായി പ്രതിപക്ഷം സഹകരിക്കാത്തതു കൊണ്ടുമാണ് വിളിക്കാതിരുന്നതെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അങ്ങനെയെങ്കില്‍ സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്നാണോ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നതെന്ന് ബി.ജെ.പി പറയട്ടെ. ബി.ജെ.പിയും സി.പി.എമ്മും ഒന്നിച്ചാണ് നാലാം വാര്‍ഷികം ആഘോഷിക്കുന്നതെങ്കില്‍ അത് നടക്കട്ടെ.

 

വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടാണെന്നും കടല്‍ക്കൊള്ളയാണെന്നും പ്രഖ്യാപിച്ച ആളാണ് പിണറായി വിജയന്‍. അതേ പിണറായി വിജയനും സി.പി.എമ്മും പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രമായ എട്ടുകാലി മമ്മൂഞ്ഞിനെ ഓര്‍മ്മപ്പെടുത്തുന്നതാണ്. 2019-ല്‍ പൂര്‍ത്തിയാകേണ്ട ഈ പദ്ധതി ഇപ്പോള്‍ സ്വാഭാവികമായും പൂര്‍ത്തിയായതാണ്. കരാര്‍ അനുസരിച്ചുള്ള റോഡ്, റെയില്‍ കണക്ടിവിറ്റികള്‍ ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചെയ്യേണ്ട ഒരു കാര്യങ്ങളും ചെയ്യാത്തവരാണ് പദ്ധതി പൂര്‍ത്തിയായപ്പോള്‍ അത് കൊണ്ടുവന്ന ആളുകളെ വിസ്മരിച്ച് അവിടെ പോയി നിന്ന് പടം എടുത്ത് ക്രെഡിറ്റ് ഏറ്റെടുക്കുന്നത്. അത് വിശ്വസിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ വിഡ്ഢികളല്ലെന്നു മാത്രമാണ് മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കാനുള്ളത്.

 

ക്ഷണം ലഭിച്ച സ്ഥലം എം.പിയും എം.എല്‍.എയും പങ്കെടുക്കും. പ്രതിപക്ഷ നേതാവിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. നാലാം വാര്‍ഷികമായതു കൊണ്ട് വിളിക്കുന്നില്ലെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. പ്രധാനമന്ത്രിയുടെ പരിപാടിയുടെ തലേദിവസമാണോ പ്രതിപക്ഷ നേതാവിന് കത്ത് നല്‍കുന്നത്. പ്രതിഷേധങ്ങളെ മറച്ചുവയ്ക്കാനാണ് അവ്യക്തമായ കത്ത് നല്‍കിയത്.

 

വിഴിഞ്ഞ തുറമുഖം ഉമ്മന്‍ ചാണ്ടിയുടെയും യു.ഡി.എഫ് സര്‍ക്കാരിന്റെയും ഇച്ഛാശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമായാണ് യാഥാര്‍ത്ഥ്യമായത്. അത് ഞങ്ങള്‍ ജനങ്ങളോട് പറയും. വല്ലവരും ചെയ്തതിന്റെ പിതൃത്വം ഏറ്റെടുക്കുക എന്നതു മാത്രമാണ് മുഖ്യമന്ത്രിയുടെ സ്ഥിരം പരിപാടി. അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

 

പദ്ധതിയുടെ ഭാഗമായി ഉണ്ടാക്കിയ പല കരാറുകളും നടപ്പാക്കിയിട്ടില്ല. പുനരധിവാസത്തിന് വേണ്ടിയുള്ള 475 കോടിയുടെ പാക്കേജും യാഥാര്‍ത്ഥ്യമായിട്ടില്ല. 9 വര്‍ഷമായി റെയില്‍ റോഡ് കണക്ടിവിറ്റി ഉണ്ടാക്കാനും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. ലോകബാങ്കിന്റെ 140 കോടിയാണ് ഇപ്പോള്‍ വകമാറ്റിയത്. ഇത് കുറ്റകൃത്യമാണ്. പണം ഇല്ലാത്ത സര്‍ക്കാരാണ് ജനങ്ങളുടെ നൂറു കോടിയെടുത്ത് വാര്‍ഷികം ആഘോഷിക്കുന്നത്. നാലാം വാര്‍ഷികത്തില്‍ അഭിമാനിക്കാനുള്ള ഒരു പദ്ധതിയും ഇല്ലാത്ത സര്‍ക്കാരാണ് 15 കോടി മുടക്കി മുഖ്യമന്ത്രിയുടെ ഹോള്‍ഡിങ്‌സ് സ്ഥാപിച്ചിരിക്കുന്നത്. ഇത് നാണംകെട്ട സര്‍ക്കാരാണ്. ആശ വര്‍ക്കര്‍മാര്‍ ഇപ്പോഴും സമരം ചെയ്യുകയാണ്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യുന്ന കളക്ഷന്‍ ഏജന്റുമാര്‍ക്കുള്ള തുക കുടിശികയാണ്. ക്ഷേമനിധികള്‍ തകര്‍ന്നു. പണമില്ലാത്ത സര്‍ക്കാരാണ് കോടികള്‍ എടുത്ത് ആര്‍ഭാടം നടത്തുന്നത്. മുഖ്യമന്ത്രിയും പടമുളള ചുവന്ന ബനിയന്‍ പാവം കുട്ടികളെ ധരിപ്പിച്ചാണ് ലഹരി മരുന്നിനെതിരെ കാമ്പയിന്‍ നടത്തിയത്. ഈ സര്‍ക്കാരിന് നാണമുണ്ടോ? ലഹരി മരുന്നിന് എതിരായ പ്രചരണത്തെ മാര്‍ക്‌സിറ്റുവത്ക്കരിക്കുകയാണോ? മുഖ്യമന്ത്രിയുടെ ചിത്രം അച്ചടിക്കണമെങ്കില്‍ സ്വന്തം പണം ചെലവഴിക്കണം. സര്‍ക്കാരിന്റെ പണം കൊണ്ടല്ല മുഖ്യമന്ത്രിയുടെ പടം അടിക്കേണ്ടത്. സര്‍ക്കാര്‍ നാലാംകിട നിലവാരത്തിലേക്ക് പോകുന്നു എന്നതിന്റെ ഉദാഹരണമാണിത്.

 

ഈ സര്‍ക്കാര്‍ എന്തെങ്കിലും വികസനം നടത്തിയാലല്ലേ അതിനെതിരെ വിരോധം പറയാന്‍ പറ്റൂ. ജല്‍ജീവന്‍ മിഷന്‍ വഴിയിലാണ്. കരാറുകാര്‍ക്ക് കോടികള്‍ നല്‍കാനുണ്ട്. എന്നിട്ടും ആര് വികസനപ്രവര്‍ത്തനം നടത്തിയെന്നാണ് പറയുന്നത്. മോദിയെ വിമര്‍ശിച്ചാല്‍ അവര്‍ ദേശ വിരുദ്ധര്‍. പിണറായിയെ വിമര്‍ശിച്ചാല്‍ സംസ്ഥാന വിരുദ്ധരും വികസനവിരുദ്ധരുമാകും. അതൊക്കെ കയ്യില്‍ വച്ചാല്‍ മതി.

 

കര്‍ണാടകത്തിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിനു വേണ്ടി ഇടപെടും. അതിനു വേണ്ടി കര്‍ണാടക സര്‍ക്കാരുമായി സംസാരിക്കും.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading