ഫോട്ടോഗ്രാഫർമാരുടെ പാനലിലേക്ക് അപേക്ഷിക്കാം,കണ്ടെന്റ് ക്രിയേറ്റേഴ്സിനെ നിയമിക്കുന്നു.

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ പ്രസിദ്ധീകരണമായ തദ്ദേശകം മാസികയിലേക്കാവശ്യമായ ഫോട്ടോകൾ എടുത്ത് നൽകുന്നതിന് എല്ലാ ജില്ലകളിലും ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടികൾ, തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന മാതൃകാപരമായ വിവിധ പ്രവർത്തനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫോട്ടോകളാണ് വേണ്ടത്. പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു ഫോട്ടോക്ക് എഴുന്നൂറ് രൂപ നിരക്കിൽ പ്രതിഫലം നൽകുന്നതായിരിക്കും.

മാധ്യമങ്ങളുമായി ബന്ധപ്പെട്ട ന്യൂസ് ഫോട്ടോഗ്രാഫി മേഖലയിൽ ഒരു വർഷമെങ്കിലും പ്രവർത്തി പരിചയമുള്ള ഫോട്ടോഗ്രാഫർമാർക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ഫോട്ടോ ജേർണലിസത്തിൽ ഡിപ്ലോമ / ഫോട്ടോഗ്രാഫിയിൽ കെ ജി ടി ഇ / എൻ സി വി ടി സർട്ടിഫിക്കറ്റു കോഴ്സ് എന്നിവ വിജയിച്ചവർക്ക് മുൻഗണന നൽകുന്നതായിരിക്കും.

അപേക്ഷകൾ ചീഫ് ഓഫീസർ, കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, പ്രിൻസിപ്പൽ ഡയറക്ടറേറ്, തദ്ദേശ സ്വയംഭരണ വകുപ്പ് , സ്വരാജ് ഭവൻ, നന്ദൻകോട് പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ 2025 മാർച്ച് 31 നകം അയക്കേണ്ടതാണ്.

കണ്ടെന്റ് ക്രിയേറ്റേഴ്സിനെ നിയമിക്കുന്നു.

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ പ്രസിദ്ധീകരണമായ തദ്ദേശകം മാസികയുടെ ഉള്ളടക്കങ്ങൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട്
കണ്ടെന്റ് ക്രിയേറ്റേഴ്സിനെ കരാറടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും താൽക്കാലികമായി നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. ജേർണലിസത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമയുമുള്ളവർക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയമുളളവർക്ക് മുൻഗണന.

വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള വാർത്തകൾ, തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന മാതൃകാപരമായ വിവിധ പ്രവർത്തനങ്ങൾ തുടങ്ങി മാസികയിലേക്കാവശ്യമായ ഉള്ളടക്കങ്ങൾ ശേഖരിച്ച് നിശ്ചിത സമയത്തിനകം ലേഖനങ്ങളും മറ്റും തയ്യാറാക്കി നൽകുകയെന്ന ജോലിയാണ് നിർവഹിക്കേണ്ടത്. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. പ്രസിദ്ധീകരിക്കപ്പെടുന്ന രചനകൾക്ക് ഒന്നിന് ആയിരം രൂപ നിരക്കിൽ പ്രതിഫലം ലഭിക്കുന്നതാണ്.

അപേക്ഷകൾ ചീഫ് ഓഫീസർ, കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്വരാജ് ഭവൻ, നന്ദൻകോട് പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ 2025 മാർച്ച് 31 നകം അയക്കേണ്ടതാണ്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response