കൊല്ലം: പ്ലസ്ടു വിദ്യാര്‍ഥിനികളെ ഓട്ടോറിക്ഷയില്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച പ്രതി പിടിയില്‍. പൈനുംമൂട് വിവേകാനന്ദ നഗര്‍ പുളിംകാലത്ത് കിഴക്കതില്‍ നവാസ് (52) ആണ് കൊല്ലം ഈസ്റ്റ് പൊലിസിന്റെ പിടിയിലായത്. സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോളജ് ജങ്ഷന് സമീപത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ചെമ്മാന്‍മുക്കിലാണ് സംഭവം. വിമലഹൃദയ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനികളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇവര്‍ ട്യൂഷന്‍ സെന്ററില്‍ നിന്ന് ക്ലാസുകഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ ഓട്ടോസ്റ്റാന്‍ഡിലെത്തി ഓട്ടോറിക്ഷ നോക്കിയെങ്കിലും കണ്ടില്ല. തുടര്‍ന്ന് കപ്പലണ്ടി മുക്ക് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ കൈകണിച്ച് നിര്‍ത്തി അതില്‍ കയറി അമ്മന്‍നട ഭാഗത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഓട്ടോ മെയിന്‍ റോഡില്‍ കൂടി പോകാതെ വിമലഹൃദയസ്‌കൂളിന് പുറകുവശത്തെ ഇടവഴിയിലൂടെയാണ് പോയത്. ഇത് ചോദ്യം ചെയ്തപ്പോള്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ വിദ്യാര്‍ഥിനികളോട് ദേഷ്യപ്പെട്ട് സംസാരിക്കുകയും വേഗം കൂട്ടുകയും ചെയ്തു. നിലവിളിച്ചെങ്കിലും സമീപത്ത് ആളുകള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ഥിനികളില്‍ ഒരാള്‍ ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്കെടുത്ത് ചാടി. കുറച്ചുമാറി ഓട്ടോറിക്ഷ നിറുത്തിയതോടെ വാഹനത്തില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥിനി പുറത്തേക്കിറങ്ങി. ഉടന്‍തന്നെ ഓട്ടോറിക്ഷ ഡ്രൈവര്‍ അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് വീട്ടിലെത്തിയ വിദ്യാർത്ഥികൾ വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഓട്ടോറിക്ഷയില്‍ നിന്ന് ചാടിയ ആശ്രാമം സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ കൈയ്ക്കും തോളിനും പരുക്കേറ്റിരുന്നു. ജില്ലാ ആശുപത്രിയില്‍ ചികിത്സതേടിയ ശേഷം കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതിനൽകി. തുടര്‍ന്ന് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഈസ്റ്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ സുമേഷ്, സി.പി.ഒമാരായ അജയകുമാര്‍, അനു ആര്‍. നാദ്, ഷെഫീക്ക്, ഷൈജു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.