ഭരണിക്കാവ്: വയനാട് ദുരന്ത പശ്ചാത്തലത്തിൽ ചാംപ്യൻസ് ബോട്ട് ലീഗ് ഉപേക്ഷിച്ചതോടെ 28ാം ഓണനാളിൽ സംഘടിപ്പിക്കുന്ന കല്ലട ജലോത്സവം നടത്തണമെന്ന ആവശ്യം ശക്തമായി. മൺട്രോതുരുത്ത്, കിഴക്കേ കല്ലട, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ നടത്തിവന്നിരുന്ന ജലമേള സി.ബി.എല്ലിൽ ഉൾപ്പെടുത്തിയതോടെ സംഘാടനം പഞ്ചായത്തുകൾക്ക് നഷ്ടമായിരുന്നു. ഇതോടെ കല്ലടയുടെ കരക്കാർ തമ്മില്ലുള്ള മത്സരവും ഓളവും ഇല്ലാതായി. ഇരുപത്തിയെട്ടാം ഓണത്തിന് നടന്നിരുന്ന കല്ലട ജലോത്സവം വേറെ മാസങ്ങളിലേക്ക് വഴിമാറ്റപ്പെടുകയും ചെയ്തു. കഴിഞ്ഞ 51 വർഷക്കാലമായി നടത്തി വരാറുള്ള കല്ലട ജലോത്സവം ഇത്തവണത്തെ 28ാം ഓണനാളിലും സംഘടിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. കല്ലട ബോട്ട് റൈസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജലോത്സവം സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് കല്ലട ജലോത്സവ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ അനുമതിയ്ക്കായി പഞ്ചായത്തിനെ സമീപിച്ചിരുന്നു. എന്നാൽ അനുകൂല നിലപാടുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മൂന്നു പഞ്ചായത്തുകളിലേയും ബോട്ട് ക്ലബ്ബുകളെ പങ്കെടുപ്പിച്ച് 18ന് കല്ലട ജലോത്സവത്തിന്റെ ഫിനിഷിങ് പോയിന്റിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.