ആണവോര്‍ജ്ജത്തെ ആശ്രയിക്കുന്നതില്‍ കുറവുവരുത്താന്‍ 2014-ല്‍ തീരുമാനമെടുത്ത ഫ്രഞ്ച് ഗവണ്‍മെന്റിന്റെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി 2022 ഫെബ്രുവരി ആദ്യവാരത്തില്‍ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണ്‍ 2050 ആകുമ്പോഴും ഫ്രാന്‍സിന്റെ ആണവോര്‍ജ്ജ ശേഷിയില്‍ 25 ഗിഗാവാട്ട് കൂട്ടിച്ചേര്‍ക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ”ഫ്രഞ്ച് ആണവ നവോത്ഥാനത്തിന് മക്രോണ്‍ തുടക്കമിട്ടു” എന്ന് മാധ്യമങ്ങള്‍ തലക്കെട്ടുകള്‍ എഴുതിച്ചേര്‍ത്തു.
എന്നാല്‍ തലക്കെട്ടുകളില്‍ ഉയര്‍ന്നുകണ്ട ‘ഫ്രഞ്ച് ആണവ നവോത്ഥാനം’ വാര്‍ത്തകളുടെ ആഴങ്ങളിലേക്ക് ചെല്ലുമ്പോള്‍ മങ്ങിക്കൊണ്ടിരുന്നുവെന്ന് ഡോ.രമണ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ അടിയന്തിര യുദ്ധത്തില്‍ ആണവോര്‍ജ്ജം ഒരാശ്വാസമായിരിക്കില്ലെന്ന് മക്രോണ്‍ പറയുന്നത് മാധ്യമങ്ങള്‍ വലിയ പ്രാധാന്യമൊന്നും നല്‍കാതെ വാര്‍ത്തയുടെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റി. ”ഒരു ആണവ റിയാക്ടര്‍ നിര്‍മ്മിക്കാന്‍ 15 വര്‍ഷമെടുക്കുന്നതിനാല്‍, നമ്മുടെ അടിയന്തിര വൈദ്യുത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഏക മാര്‍ഗ്ഗം പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജങ്ങള്‍ മാത്രമായതിനാല്‍, അവ വന്‍തോതില്‍ വികസിപ്പിക്കുക” എന്ന് മക്രോണ്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ പറയുന്നു.
ഫോട്ടോഗ്രാഫിലേക്കല്ല; ഫിലിമിലേക്ക് നോക്കൂ…
ഫോട്ടോഗ്രാഫ് നിശ്ചലമായ ഒരു ചിത്രത്തെയാണ് നമുക്ക് കാണിച്ചുതരുന്നത്; എന്നാല്‍ ഒരു ഫിലിം കാലികമായ മാറ്റങ്ങളെ അടയാളപ്പെടുത്തുന്നു. ആണവ സാങ്കേതികവിദ്യയുടെ വളര്‍ച്ചയെ മനസ്സിലാക്കാന്‍ രാഷ്ട്രത്തലവന്മാാരും മാധ്യമ സിണ്ടിക്കേറ്റുകളും നല്‍കുന്ന തലക്കെട്ടുകളെ ആശ്രയിക്കാതെ വിശദാംശങ്ങളിലേക്ക് ഇറങ്ങിച്ചെന്നാല്‍ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുമെന്ന് ‘വേള്‍ഡ് ന്യൂക്ലിയര്‍ ഇന്‍ഡസ്ട്രി സ്റ്റാറ്റസ് റിപ്പോര്‍ട്ട്’ തയ്യാറാക്കുന്നതില്‍ കഴിഞ്ഞ ഒരു ദശകക്കാലമായി ഇടപെട്ടുവരുന്ന ഗ്രന്ഥകാരന്‍ വസ്തുതകളുടെ പിന്‍ബലത്തോടെ വിശദീകരിക്കുന്നു.
”1997 ഒരു നല്ല തുടക്കമാണ്. 1997-ല്‍ ക്യോട്ടോയില്‍ ചേര്‍ന്ന, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂട് കണ്‍വെന്‍ഷന്റെ കീഴില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള ആദ്യ പ്രതിജ്ഞ രാജ്യങ്ങള്‍ സ്വീകരിച്ച അവസരത്തില്‍, ആഗോള വൈദ്യുതോര്‍ജ്ജത്തിന്റെ ഏകദേശം 17 ശതമാനം സംഭാവന ചെയ്തത് ആണവോര്‍ജമായിരുന്നു. 2022-ല്‍ അത് വെറും 9 ശതമാനമായി കുറഞ്ഞു. നേരെമറിച്ച്, പുനരുല്‍പ്പാദിപ്പിക്കാവുന്നവ-അതായത്, സൗരോര്‍ജ്ജം, കാറ്റ്, ഭൗമതാപം, ബയോമാസ് തുടങ്ങിയവയുടെ പ്രാധാന്യം വര്‍ദ്ധിച്ചു. 1997-ല്‍ ഏകദേശം 1 ശതമാനം മാത്രമുണ്ടായിരുന്ന പുതുക്കാവുന്ന ഊര്‍ജ്ജത്തില്‍ വൈദ്യുതിയുടെ തോത് 2022 ആയപ്പോഴേക്കും 14 ശതമാനത്തിലധികമായി ഉയര്‍ന്നു.”
ആണവ നവോത്ഥാനത്തെക്കുറിച്ചുള്ള അവകാശവാദങ്ങളിലെ പൊള്ളത്തരം മനസ്സിലാക്കാന്‍, അല്ലെങ്കില്‍ ആഗോള ഊര്‍ജ്ജമിശ്രിതത്തിലെ ആണവോര്‍ജ്ജ വിഹിതമെന്തെന്ന് അറിയാന്‍, പുതുതായി ആരംഭിക്കുന്നതും അടച്ചുപൂട്ടുന്നതുമായ ആണവ റിയാക്ടറുകളുടെ കണക്കുകളിലേക്ക് ഒന്ന് നോക്കിയാല്‍ മതിയാകും. വേള്‍ഡ് ന്യൂക്ലിയര്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ഡോ.രമണ ചൂണ്ടിക്കാട്ടുന്നു; ”പലപ്പോഴും ബദലുകളുമായി സാമ്പത്തികമായി മത്സരിക്കാന്‍ കഴിയാത്തതിനാല്‍ ഈ നൂറ്റാണ്ടിന്റെ ആദ്യ രണ്ട് ദശകങ്ങളില്‍ ലോകമെമ്പാടുമായി 95 റിയാക്ടറുകള്‍ പുതുതായി ആരംഭിച്ചപ്പോള്‍ 98 റിയാക്ടറുകള്‍ അടച്ചുപൂട്ടുകയുണ്ടായി. പുതു തുടക്കങ്ങള്‍ക്കും അടച്ചുപൂട്ടലുകള്‍ക്കും ഇടയില്‍ ആഗോള ആണവ നിലയങ്ങളുടെ എണ്ണത്തില്‍ 1980കളുടെ അവസാനത്തോടെ ഏറിയും കുറഞ്ഞും സ്ഥിരത കൈവന്നിരിക്കുകയാണ്”.
കാലാവസ്ഥാ യുദ്ധത്തില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജരൂപങ്ങളോടൊപ്പം വാഴ്ത്തപ്പെടുന്ന ആണവോര്‍ജ്ജം ഉത്പാദനത്തില്‍ കുറവു വരികയും പുതിയ നിലയ നിര്‍മ്മാണങ്ങളില്‍ വലിയ കുതിച്ചുചാട്ടം സംഭവിക്കുകയും ചെയ്യാത്തത് എന്തുകൊണ്ടാണ്?
ഇതിനുത്തരം ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നത്, ആണവ നിലയങ്ങളുടെ ഉയര്‍ന്ന നിര്‍മ്മാണ ചെലവ് തന്നെയാണെന്നാണ്. ഇംഗ്ലണ്ടിലെ സോമര്‍സെറ്റിലെ ഹിങ്ക്‌ലി പോയിന്റ് സി ( Hinkley Point C) ആണവ നിലയത്തിന്റെയും ജോര്‍ജിയയിലെ (യുഎസ്) വോഗ്ടല്‍ (Vogtel) പ്രൊജക്ടിന്റെയും അടക്കം ഉദാഹരണം ചൂണ്ടിക്കാട്ടി ഉയര്‍ന്ന നിര്‍മ്മാണ ചെലവ് എങ്ങിനെയാണ് ആണവ വൈദ്യുതി ലാഭകരമല്ലാതാക്കുന്നത് എന്ന് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു.
കുറഞ്ഞ എസ്റ്റിമേഷനില്‍ പദ്ധതി ആരംഭിക്കുകയും പദ്ധതി പൂര്‍ത്തിയാകുമ്പോഴേക്കും ഏതാണ്ട് ഇരട്ടിയിലധികം തുക പൊതുഖജനാവില്‍ നിന്ന് മുടക്കുകയും ചെയ്യേണ്ടിവരുന്നത് സംബന്ധിച്ച വിശാദംശങ്ങളും പുസ്തകത്തില്‍ നല്‍കുന്നുണ്ട്. ഉദാഹരണത്തിന്, ”റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇന്ത്യയുടെ കൂടംകുളം-1, 2 റിയാക്ടറുകള്‍ 2010-ല്‍ 131.…
ബില്യണില്‍ നിന്ന് 2015-ല്‍ 224.62 ബില്യണായി ഉയര്‍ന്നു, അതിന്റെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ 34.9 ബില്യണില്‍ നിന്ന് ഇപ്പോള്‍ 68.4 ബില്യണായി ഉയര്‍ന്നിരിക്കുകയാണ്”.
നിര്‍മ്മാണത്തിലെ കാലദൈര്‍ഘ്യം, യഥാര്‍ത്ഥ ചെലവും എസ്റ്റിമേഷനും തമ്മിലുള്ള അഗാധമായ പൊരുത്തക്കേടുകള്‍ എന്നിവ ഇന്ത്യയിലെ മാത്രം പ്രശ്‌നമായി കരുതേണ്ടതില്ല. ആഗോളതലത്തില്‍ ആണവോര്‍ജ്ജോത്പാദനത്തില്‍ ഏര്‍പ്പെട്ട എല്ലാ രാജ്യങ്ങളിലെയും സ്ഥിതി സമാനമാണെന്ന് ഇതുസംബന്ധിച്ച ഡാറ്റകള്‍ തെളിവുനല്‍കുന്നു.
നിര്‍മ്മാണ ചെലവുകളിലെ അസാധാരണമായ വര്‍ധനവിനോടൊപ്പം തന്നെ ആണവ വൈദ്യുതിയെ ചെലവുകൂടിയ ഒന്നാക്കി മാറ്റുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. അത് പ്രവര്‍ത്തനച്ചെലവാണ ്(operational cost). വര്‍ധിച്ച പ്രവര്‍ത്തന ചെലവ് താങ്ങാന്‍ കഴിയാതെ ഇനിയും കാലാവധി പൂര്‍ത്തിയായിട്ടില്ലാത്ത ആണവ നിലയങ്ങള്‍ അടച്ചുപൂട്ടാന്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ നിര്‍ബന്ധിതമായിരിക്കുന്നുവെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ (International Atomic Energy Agency-IAEA) വാര്‍ഷിക പ്രസിദ്ധീകരണമായ nuclear power reactors in the world നല്‍കുന്ന സ്ഥിതിവിവരക്കണക്കുകളെ ലേഖകന്‍ ഉദ്ധരിക്കുന്നു. ”യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍, 2010 അവസാനത്തോടെ 104 ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഒരു ദശാബ്ദത്തിന് ശേഷം, 2020 അവസാനത്തോടെ, അത് 94 ആയി കുറഞ്ഞു. യുകെയില്‍ 19-ല്‍ നിന്ന് 15 ആയി കുറഞ്ഞു; സ്വീഡനില്‍ 10ല്‍ നിന്ന് 6 ആയി കുറഞ്ഞു. കൂടുതല്‍ റിയാക്ടറുകള്‍ അടച്ചിടുന്നത് സംബന്ധിച്ച ആലോചനകളിലാണ്.”
നിര്‍മ്മാണ ചെലവുകളിലെയും പ്രവര്‍ത്തന ചെലവുകളിലെയും അസാധാരണമായ വര്‍ധന ഒരു ഭാഗത്ത് ആണവോര്‍ജ്ജ വ്യവസായത്തിന്റെ മുന്നോട്ടുപോക്കിന് വിഘാതം സൃഷ്ടിക്കുമ്പോള്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജത്തിന്റെ കുറഞ്ഞ ഉത്പാദന ചെലവുകള്‍ മറുഭാഗത്ത് അവയെ കൂടുതല്‍ ആകര്‍ഷകമാക്കുകയും ചെയ്യുന്നു. ഈയൊരു പ്രവണത നിലവില്‍ ആണവോര്‍ജ്ജ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്ത്താന്‍ പ്രേരിപ്പിക്കുന്നുവെന്ന് അമേരിക്കയിലെ തന്നെ മറ്റൊരു ഉദാഹരണം ചൂണ്ടിക്കാട്ടി ഡോ.രമണ വിശദീകരിക്കുന്നു.
”വൈദ്യുതിക്കായി ആണവോര്‍ജത്തെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഇല്ലിനോയിസ്. അവിടുത്തെ വൈദ്യുതി വിതരണത്തില്‍ ആധിപത്യം പുലര്‍ത്തുന്നത് ആ സംസ്ഥാനത്തിനുള്ളില്‍ പതിനൊന്ന് റിയാക്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന Exelon കോര്‍പ്പറേഷനാണ്. 2021 വേള്‍ഡ് ന്യൂക്ലിയര്‍ അസോസിയേഷന്റെ വാര്‍ഷിക സിമ്പോസിയത്തില്‍ സംസാരിക്കുമ്പോള്‍-മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ആണവ വക്താക്കള്‍ക്കിടയില്‍-ഒരു എക്‌സലോണ്‍ ഉദ്യോഗസ്ഥന്‍ കോര്‍പ്പറേറ്റ് ഭീമന്‍ നേരിടുന്ന പ്രശ്നം വിശദീകരിച്ചു, ”ഡക്കോട്ടയില്‍ നിന്നും അതുപോലെ മറ്റിടങ്ങളില്‍ നിന്നും വരുന്ന കാറ്റില്‍ നിന്നുള്ള വൈദ്യുതി വിപണിയിലെ വില കുറയ്ക്കും, പ്രത്യേകിച്ച് കാറ്റ് കൂടുതലും ലോഡ് കുറവും ആയ വൈകുന്നേരങ്ങളില്‍!! കാറ്റില്‍ നിന്നുള്ള വൈദ്യുതിയുമായുള്ള മത്സരം എക്‌സലോണിന് നഷ്ടമുണ്ടാക്കി. അവര്‍ തങ്ങളുടെ ആണവ നിലയങ്ങള്‍ അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തി. അതോടാപ്പം സബ്സിഡികള്‍ക്കായി ലോബിയിംഗ് നടത്തുകയും ചെയ്തു. അത് ഫലം കണ്ടു, ഇല്ലിനോയിസ് സംസ്ഥാനം എക്‌സെലോണിന്റെ ആണവ നിലയ ശൃംഖലയ്ക്ക് സബ്സിഡി നല്‍കാന്‍ തീരുമാനിച്ചു. സ്വാഭാവികമായും, ഈ സബ്സിഡികളുടെ ഭാരം ഉപഭോക്താക്കളുടെ ചുമലിലേക്ക് വീഴുന്നു”.
ആണവോര്‍ജ്ജം ചെലവു കുറഞ്ഞതും ലാഭകരവുമാണെന്ന് പ്രചരിപ്പിക്കുന്നവര്‍ ആണവ വൈദ്യുതിയുടെ യഥാര്‍ത്ഥ ഉത്പാദന ചെലവ് എന്തെന്ന് നമ്മോട് പറയാറുണ്ടോ? കാലാവധി കഴിഞ്ഞ ആണവ നിലയങ്ങള്‍ അടച്ചുപൂട്ടിക്കഴിഞ്ഞാല്‍ അത് സുരക്ഷിതമായി നിലനിര്‍ത്തുന്നതിന് നല്‍കേണ്ട ഊര്‍ജ്ജമെത്രയെന്ന് പറയാറുണ്ടോ? അവശിഷ്ട ഇന്ധനം (spent fuel) സംസ്‌കരിക്കുന്നതിനാവശ്യമായ ചെലവുകളെക്കുറിച്ച് സംസാരിക്കാറുണ്ടോ? ഇല്ല എന്നതാണ് ഉത്തരം.
എന്തുകൊണ്ട്?
ചിത്രം
ഫ്രഞ്ച് ആണവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി വികിരണ മാലിന്യങ്ങള്‍ അടങ്ങിയ കാസ്‌കറ്റുകള്‍ ജര്‍മ്മനിയിലേക്ക് കടത്തുന്നതിനെതിരായി പരിസ്ഥിതി-ആണവ വിരുദ്ധ പ്രവര്‍ത്തകര്‍ ജര്‍മ്മനിയിലെ ഗോര്‍ലബെനില്‍ പ്രതിഷേധിക്കുന്നു
(തുടരും)
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.