Kerala Latest News India News Local News Kollam News

ഭൂമിതരംമാറ്റൽ നടപടികളിൽ ആറ് മാസത്തിനകം തീരുമാനം: മന്ത്രി കെ.രാജൻ.

താലൂക്കടിസ്ഥാനത്തിലുള്ള വീകേന്ദ്രീകരണത്തിന് തുടക്കമായി,
ഭൂമി തരം മാറ്റൽ ചുമതല ഇനി ഡെപ്യൂട്ടി കളക്ടർമാർക്കും

സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.രാജൻ തിരുവനന്തപുരം കളക്ടറേറ്റിൽ നിർവഹിച്ചു

ഭൂമിതരം മാറ്റൽ അപേക്ഷകൾ അതിവേഗം തീർപ്പാക്കുന്നതിനായി താലൂക്കടിസ്ഥാനത്തിൽ ഡെപ്യൂട്ടി കളക്ടർമാരെ കൂടി ഉൾപ്പെടുത്തി നടപ്പാക്കുന്ന വികേന്ദ്രീകരണ സംവിധാനത്തിന് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ.രാജൻ നിർവഹിച്ചു. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഭൂമി തരം മാറ്റൽ നടപടികളിൽ ആറ് മാസത്തിനുള്ളിൽ കൃത്യമായ തീരുമാനമാകുമെന്ന് മന്ത്രി പറഞ്ഞു. ഭൂമിതരംമാറ്റൽ നടപടികൾക്ക് വേഗത വർധിപ്പിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങൾ അതിവേഗം പരിഹരിക്കുന്നതിനും ഉദ്യോഗസ്ഥ വിന്യാസത്തിൽ വരുത്തുന്ന മാറ്റങ്ങളോടെ സാധിക്കുമെന്ന് മന്ത്രി അറിയിച്ചു. തരംമാറ്റൽ നടപടികളിൽ ഏജന്റുമാരുടെ ഇടപെടൽ അനുവദിക്കില്ലെന്നും ഇത്തരം കച്ചവടക്കണ്ണോടെയുള്ള ഏജന്റുമാരെ നിയന്ത്രിക്കുന്നതിന് റവന്യുവിജിലൻസ് വിഭാഗത്തിൻ്റെ പരിശോധന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

നെൽവയൽ നെൽവയലായും തണ്ണീർത്തടം തണ്ണീർത്തടമായും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനമാണ് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലൂടെ സർക്കാർ നടപ്പാക്കുന്നത്. നിയമത്തിന്റെ അന്തസത്ത പാലിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് വകുപ്പ് നേതൃത്വം നൽകുമെന്നും വില്ലേജ് തല ജനകീയ സമിതികൾ, റവന്യൂ അസംബ്ലികൾ, പട്ടയ അസംബ്ലികൾ , റവന്യൂ സെക്രട്ടേറിയേറ്റുകൾ തുടങ്ങിയവ വകുപ്പിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷനായിരുന്നു. ജനങ്ങളുടെ ദീർഘനാളത്തെ ആഗ്രഹമാണ് ഭൂമിതരംമാറ്റൽ നടപടികൾ ലഘൂകരിക്കാനും അതിവേഗത്തിലാക്കാനുമുള്ള പുതിയ സംവിധാനത്തിലൂടെ യാഥാർത്ഥ്യമാകുന്നതെന്നും താലൂക്കുകളിലെ സങ്കീർണമായ പ്രശ്‌നങ്ങൾ മാറ്റിയെടുക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു. ഇതിനായി പരിശ്രമിച്ച റവന്യൂ വകുപ്പ് മന്ത്രിയെ അദ്ദേഹം അഭിനന്ദിച്ചു.

സംസ്ഥാനത്തെ ഭൂമി തരംമാറ്റൽ അപേക്ഷകളുടെ തീർപ്പാക്കൽ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതിയിലൂടെ റവന്യൂ ഡിവിഷണൽ ഓഫീസർമാർക്ക് മാത്രമുണ്ടായിരുന്ന അധികാരങ്ങൾ ഡെപ്യൂട്ടി കളക്ടർമാർക്ക് കൂടി നൽകിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ 27 റവന്യൂ ഡിവിഷണൽ ഓഫീസുകളിലായി സബ് കളക്ടർമാർ അല്ലെങ്കിൽ ആർ ഡി ഒമാർ നിലവിൽ നടത്തി വരുന്ന ഭൂമി തരം മാറ്റൽ നടപടികൾ ഇനി മുതൽ വീകേന്ദ്രീകരിച്ച് താലൂക്കടിസ്ഥാനത്തിൽ 71 ഡെപ്യൂട്ടി കളക്ടർമാർ ചെയ്യും. നടപടികൾ അതിവേഗത്തിലാക്കുന്നതിനായി ആവശ്യമായ സോഫ്റ്റ്വെയർ ക്രമീകരണങ്ങളും ജീവനക്കാരുടെ നിയമനങ്ങളും പൂർത്തിയാക്കി. ഡെപ്യൂട്ടി കളക്ടർമാരെ സഹായിക്കുന്നതിനായി 61 ജൂനിയർ സൂപ്രണ്ടുമാരെയും 181 ക്ലർക്കുമാരെയും 123 സർവേയർമാരെയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ 220 വാഹനങ്ങൾ വാടകയ്‌ക്കെടുക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. ഭൂമി തരംമാറ്റൽ നടപടികളിൽ ഡെപ്യൂട്ടി കളക്ടർമാർക്കും മറ്റ് ജീവനക്കാർക്കും പരിശീലനവും നൽകും.

വി.കെ പ്രശാന്ത് എം എൽ എ വിശിഷ്ടാതിഥി ആയി പരിപാടിയിൽ പങ്കെടുത്തു. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാന്റ് റവന്യൂ എക്സിക്യൂട്ടീവ് ജോയിന്റ് കമ്മീഷണർ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഐ എൽ ഡി എം എ.ഗീത, ജില്ലാ കളക്ടർ ജെറോമിക് ജോർജ് , സബ് കളക്ടർ ഡോ അശ്വതി ശ്രീനിവാസ്, സിവിൽ സ്റ്റേഷൻ ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading