Kerala Latest News India News Local News Kollam News

കോടതി ഉത്തരവിന് പുല്ലുവില, പ്രമോഷൻ നടപടി പഴയ പോലെ?

തിരുവനന്തപുരം: എംപ്ലോയ്മെൻറ് വകുപ്പിലെ ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ തസ്തികയിൽ അർഹതയില്ലാത്തവർക്ക് പ്രമോഷൻ നൽകുന്നതായി പരാതി ഉയരുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ വിധി ന്യായത്തിൻമേൽ സർക്കാർ ഉത്തരവ് നൽകി പുന:ക്രമീകരിച്ച വകുപ്പിലെ സീനിയർ ക്ലാർക്കുമാരുടെ സീനിയോറിറ്റി ലിസ്റ്റ് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഇതിനെ അടിസ്ഥാനമാക്കി ഹെഡ് ക്ലാർക്ക് മുതലുള്ള സീനിയോറിറ്റി ലിസ്റ്റുകൾ പുന:ക്രമീകരിച്ച് പ്രസിദ്ധീകരിക്കാൻ സർക്കാർ അനുമതിയും പ്രതീക്ഷിച്ചിരിക്കെയാണ് നിലവിലുള്ള എംപ്ലോയ്മെൻറ് ഓഫീസർമാരുടെ സീനിയോറിറ്റി ലിസ്റ്റിൽ നിന്നും ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ തസ്തികയിലേക്ക് പൊമോഷൻ നടപടികൾ സ്വീകരിക്കുവാൻ കഴിഞ്ഞ മാസം എംപ്ലോയ്മെൻ്റ് ഡയറക്ടർക്ക് സർക്കാർ നിർദ്ദേശം നൽകിയത്.ഇതിൻ പ്രകാരം കഴിഞ്ഞ ദിവസം ഡി.പി.സി.കൂടി പ്രൊമോഷൻ നടപടികൾ ത്വരിതപ്പെടുത്തിയിട്ടുണ്ട്.
കോടതി നിർദ്ദേശാനുസരം പുന:ക്രമീകരിച്ച സീനിയർ ക്ലാർക്കുമാരുടെ സീനിയോറിറ്റി ലിസ്റ്റിനെ അടിസ്ഥാനമാക്കി എംപ്ലോയ്മെൻറ് ഓഫീസർമാരുടെ സീനിയോറിറ്റി ലിസ്റ്റും പുന:ക്രമീകരിച്ച ശേഷം മാത്രമേ ജില്ല എംപ്ലോയ്മെൻ്റ് ഓഫീസർമാരുടെ പ്രൊമോഷൻ നടപടികൾ സ്വീകരിക്കാൻ പാടുള്ളൂ എന്നാവശ്യപ്പെട്ട് ചില ജീവനക്കാർ സർക്കാറിനും എംപ്ലോയ്മെൻ്റ് ഡയറക്ടർക്കും അപേക്ഷ നൽകിയിരുന്നു. സർക്കാറിന് നൽകിയ അപേക്ഷയിന്മേൽ മൂന്ന് മാസം കൊണ്ട് നടപടികൾ സ്വീകരിക്കാൻ കേരള അഡ്മിനിസ്ട്രീറ്റീവ് ട്രിബ്യൂണൽ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഉത്തരവിനെ പോലും വില കൽപ്പിക്കാതെയാണ് സീനിയോറിറ്റി ലിസ്റ്റ് പുന:ക്രമീകരിക്കാതെ പ്രൊമോഷൻ നടത്തുന്നത്. ഇത് അർഹതയുള്ളവരുടെ പ്രൊമോഷൻ നഷ്ടപ്പെടുവാനും അർഹതയില്ലാത്തവർക്ക് പ്രൊമോഷൻ ലഭിക്കുവാനും ഇടയാകും.കോടതി ഉത്തരവ് പ്രകാരം പ്രസിദ്ധീകരിച്ച സീനിയോറിറ്റി ലിസ്റ്റ് പുന:ക്രമീകരിച്ചതിനു ശേഷം പ്രൊമോഷൻ നടത്തുകയാണെങ്കിൽ, അടുത്ത മൂന്നു വർഷത്തേക്ക് പോലും പ്രമോഷൻ ലഭിക്കുവാൻ അർഹതയില്ലാത്തവർക്കാണ് ഇപ്പോൾ പ്രൊമോഷൻ ലഭിക്കാൻ പോവുന്നത്. അർഹതയില്ലാത്തവർക്ക് പ്രമോഷൻ നൽകുന്നതുമൂലം സർക്കാരിന് അനാവശ്യമായ സാമ്പത്തിക ബാധ്യതയും വന്നുചേരും. ഇത്തരത്തിൽ പ്രമോഷൻ ലഭിച്ചത് പിന്നീട് തരംതാഴ്ത്തിയാൽ പോലും പ്രമോഷൻ കാലയളവിൽ നൽകിയ തുക തിരിച്ചുപിടിക്കാൻ സാധിക്കുകയുമില്ല. അർഹതയില്ലാത്തവർക്ക് പ്രൊമോഷന് വേണ്ടിയാണ് സീനിയോറ്റി ലിസ്റ്റുകളുടെ പുന:ക്രമീകരണം വൈകിപ്പിച്ചത് എന്ന ആക്ഷേപവും വകുപ്പ് നേരിടുന്നുണ്ട്. രജിസ്ടർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളെ സീനിയോറിറ്റി അടിസ്ഥാനത്തിൽ തൊഴിലിന് വേണ്ടി പരിഗണിക്കുന്ന ഒരു വകുപ്പിലെ ജീവനക്കാർക്കാണ് അവർ വിവിധ തസ്തികളിൽ സമ്പാദിച്ച സീനിയോറിറ്റി മറികടന്ന് പ്രമോഷൻ നൽകുന്നത് എന്നതാണ് ഏറെ കൗതുകകരം


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading