Kerala Latest News India News Local News Kollam News

അസാധ്യമായ കാര്യങ്ങൾ സർക്കാർ നടപ്പാക്കി: മന്ത്രി കെ രാജൻ

ജില്ലാതല പട്ടയമേള: 593 പേർ കൂടി ഭൂമിയുടെ അവകാശികളായി.

സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനു അസാധ്യമായ കാര്യങ്ങൾ സർക്കാർ സാധ്യമാക്കിയതായി റവന്യൂ മന്ത്രി കെ രാജന്‍. കൊല്ലം ജില്ലാതല പട്ടയമേള ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

വർഷങ്ങളായി കടൽക്കരയിൽ താമസിക്കുന്നവർ കടൽ പുറമ്പോക്ക് ഭൂമിയിലാണ് ഉൾപ്പെട്ടിരുന്നത്. നിയമങ്ങളുടെ ചട്ടക്കൂടിൽ നിന്ന് നീതി നിഷേധിക്കപ്പെടരുതെന്ന ഉദ്ദേശത്തിൽ 1964 ലെ ഭൂമി പതിവ് ചട്ടപ്രകാരം ആർക്കൊക്കെ ഭൂമി നൽകാമെന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഇനിയും അർഹരായവർക്ക് പ്രത്യേകം മിഷൻ വഴി പട്ടയം ലഭ്യമാക്കും. ഭൂമി ക്രയവിക്രയങ്ങൾ സുതാര്യമാകുന്ന ‘എന്റെ ഭൂമി’ സംയോജിത പോർട്ടൽ ഒക്ടോബർ 22ന് നിലവിൽ വരും. വില്ലേജ് ഓഫീസ് മുതൽ സെക്രട്ടറിയറ്റ് വരെ റവന്യൂ വകുപ്പിലെ കൂടുതൽ സേവനങ്ങൾ ഇ- സേവനങ്ങൾ ആക്കുന്നതിനുള്ള പ്രവർത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കേരളത്തിന് ഓരോ കുടുംബത്തിനും റവന്യൂ രേഖകൾ എല്ലാം ഒറ്റ ചിപ്പിൽ പകർത്തി എടിഎം കാർഡ് രൂപത്തിൽ റവന്യൂ കാർഡുകൾ തയ്യാറാക്കുന്ന ശ്രമം നടക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

ധനകാര്യ വകുപ്പ് കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനായി. ചരിത്രത്തിലെ ഏറ്റവും അധികം പട്ടയങ്ങൾ കഴിഞ്ഞ എട്ടു വർഷത്തിൽ നൽകാനായി. ദീർഘകാലമായി വിവിധ ഇടങ്ങളിൽ താമസിക്കുന്നവർക്ക് പട്ടയം നൽകുക എന്ന വലിയ ദൗത്യമാണ് സർക്കാർ പ്രതിജ്ഞാബദ്ധമായി ഏറ്റെടുത്ത് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മേയര്‍ പ്രസന്ന ഏണസ്റ്റ്, എം.എല്‍.എമാരായ എം മുകേഷ്, പി എസ് സുപാല്‍, കോവൂര്‍ കുഞ്ഞുമോന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍, ഡെപ്യൂട്ടി മേയർ കൊല്ലം മധു, കൗൺസിലർ ബി ഷൈലജ, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, സബ് കലക്ടര്‍ നിഷാന്ത് സിന്‍ഹാര, എ. ഡി. എം ജി നിര്‍മ്മല്‍ കുമാര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊല്ലം താലൂക്കില്‍ വര്‍ഷങ്ങളായി കടല്‍ പുറമ്പോക്കില്‍ താമസിച്ചുവരുന്ന 506 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൈവശഭൂമിയുടെ അവകാശികളായി. കൊല്ലം താലൂക്ക്- 515, കൊട്ടാരക്കര താലൂക്ക് 25, പുനലൂര്‍ 15, പത്തനാപുരം 29, കുന്നത്തൂര്‍ അഞ്ച്, കരുനാഗപ്പള്ളി നാല് എന്നിങ്ങനെ 593 പട്ടയങ്ങളാണ് വിതരണം ചെയ്തത്.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading