മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍: മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

കൊട്ടാരക്കര എല്‍.ഐ.സി.അങ്കണത്തില്‍ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും

മാര്‍ച്ച് 30ന് സമ്പൂര്‍ണ്ണ മാലിന്യ മുക്ത കേരളം എന്ന ലക്ഷ്യത്തോടെ വിപുലമായ ശുചീകരണ പരിപാടികള്‍

മാലിന്യമുക്തം നവ കേരളം ജനകീയ ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ഒക്ടോബര്‍ 2) രാവിലെ 11ന് കൊട്ടാരക്കര എല്‍ഐസി അങ്കണത്തില്‍ നിര്‍വഹിക്കും. അന്താരാഷ്ട്ര ശൂന്യ മാലിന്യ ദിനമായ മാര്‍ച്ച് 30ന് സമ്പൂര്‍ണ്ണ മാലിന്യ മുക്ത കേരളം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഇത് നടപ്പാക്കുന്നത്. സമഗ്ര കൊട്ടാരക്കരയുടെ ഭാഗമായുള്ള പുലമണ്‍തോട് പുനരുജ്ജീവന പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, കുടുംബശ്രീ, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട്, ക്ലീന്‍ കേരള കമ്പനി എന്നിവ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, നവ കേരളം കര്‍മ്മ പദ്ധതി കോഡിനേറ്റര്‍ ഡോ. ടി എന്‍ സീമ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.