
രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിന് തിരി തെളിഞ്ഞു
ധനമന്ത്രി കെ എൻ ബാലഗോപാൽ നാടകോത്സവം ഉദ്ഘാടനം ചെയ്തു.
കേരള സർവ്വകലാശാല സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവത്തിന്റെ രണ്ടാം പതിപ്പിന് തിരുവനന്തപുരത്ത് തിരശീല ഉയർന്നു.പാളയം സെനറ്റ് ഹാളിൽ മന്ത്രി കെ. എൻ. ബാലഗോപാൽ നാടകോത്സവം ഉദ്ഘാടനം ചെയ്തു.പുതിയ ആശയങ്ങൾ ഏറ്റവും കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്ന മാധ്യമമെന്ന നിലയിൽ നാടകത്തിന്റെ പ്രസക്തി വളരെ വലുതാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
കാലോചിതമായി നാടകത്തെ ഉപയോഗിക്കാൻ നമുക്ക് കഴിയണം.ചലച്ചിത്രമോ മറ്റേത് കലാരൂപമോ വന്നാലും നാടകത്തിന്റെ പ്രസക്തി കുറയില്ല.നല്ല കലാ രൂപങ്ങളും കലാപരിപാടികളും ഉണ്ടെങ്കിൽ ജനങ്ങൾ അത് ആസ്വദിക്കാൻ എത്തുമെന്നും അതിന് പിന്തുണ നൽകുമെന്നും വ്യക്തമാക്കുന്നതാണ് ഭരത് മുരളി നാടകോത്സവം.
ഭാവിയിൽ വലിയ വിജയകരമായി ഭരത് മുരളി നാടകോത്സവം മാറുമെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.സിൻഡിക്കേറ്റ് അംഗവും ഭരത് മുരളി നാടകോത്സവം ചെയർമാനുമായ അഡ്വ.ജി. മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിൻഡിക്കേറ്റ് അംഗവും ഭരത് മുരളി നാടകോത്സവം ജനറൽ കൺവീനറുമായ ഡോ.ഷിജു ഖാൻ ജെ. എസ്. സ്വാഗതം ആശംസിച്ചു.
ചടങ്ങിൽ ആദ്യകാല നാടക പ്രതിഭകളെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിച്ചു.ചടങ്ങിന് ശേഷം കായംകുളം കെ പി എ സി യുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം അരങ്ങേറി.
മാർച്ച് 31 വരെ പാളയം സെനറ്റ് ഹൌസ് ക്യാമ്പസ്സിലെ വൈകുന്നേരങ്ങൾ നാടകക്കാഴ്ചകൾ കൊണ്ട് സമ്പന്നമാകും.സെനറ്റ് ഹൗസ് ക്യാമ്പസിലെ മൂന്നു വേദികളിലായി ആകെ
10 നാടകങ്ങളാണ്5 ദിവസം നീളുന്ന നാടകോത്സവത്തിൽ അരങ്ങേറുന്നത്.
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച അമേറ്റർ നാടക മത്സരത്തിൽ മികച്ച നാടകം, മികച്ച സംവിധായകൻ, മികച്ച നടൻ എന്നീ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ മാടൻ മോക്ഷം, രണ്ടാമത്തെ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ട പൊറാട്ട്, നാഷണൽ ഇന്റർ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം നേടിയ കേരള സർവ്വകലാശാലയുടെ അഭയ, സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഹൈസ്കൂൾ നാടക മത്സരത്തിൽ എ ഗ്രേഡ് നേടി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ 10 ഡി റാപ്പേഴ്സ് എന്നിവയാണ് നാടകോത്സവത്തിലെ ശ്രദ്ധേയ നാടകങ്ങൾ.
കൂടാതെ അടുത്തിടെ പ്രേക്ഷക പ്രശംസ നേടിയ മറ്റ് നാടകങ്ങളും അരങ്ങിലെത്തും.നാടകാവതരണങ്ങളോടൊപ്പം നാടക സംബന്ധിയായ പ്രഭാഷണങ്ങളും ഭരത് മുരളി നാടകോത്സവത്തിന്റെ ഭാഗമായി നടക്കും.
29 ന് വൈകുന്നേരം 6 മണിക്ക് സമകാലീന അവതരണ സമ്പ്രദായങ്ങൾ എന്ന വിഷയത്തിൽ നാടകാധ്യാപകനും നാടകപ്രവർത്തകനുമായ ഡോ. ശ്രീജിത് രമണൻ പ്രഭാഷണം നടത്തും.30 ന് വൈകുന്നേരം 6 മണിക്ക് സംസ്കാര നിർമിതിയിൽ നാടകത്തിന്റെ പങ്ക് എന്ന വിഷയത്തിൽ നാടക പ്രവർത്തകയും നാടക് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശൈലജ ജല പ്രഭാഷണം നടത്തും.
31 ന് വൈകുന്നേരം 5.30 ന് സെനറ്റ് ഹാളിൽ നടക്കുന്ന സമാപന ചടങ്ങ് ബഹു.ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും.കേരള സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിൻഡിക്കേറ്റ് അംഗവും ഭരത് മുരളി നാടകോത്സവം ചെയർമാനുമായ അഡ്വ.ജി. മുരളീധരൻ സ്വാഗതം ആശംസിക്കും.അധ്യാപകനും നാടക പ്രവർത്തകനുമായ പ്രൊഫ. അലിയാർ ചടങ്ങിൽ മുരളി സ്മൃതി പ്രഭാഷണം നടത്തും.നാടകോത്സത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.