“കെ.കെ. കൊച്ചുസാറ്”

ഞാൻ കണ്ടറിഞ്ഞ മലയാള ദളിത്‌ സാഹിത്യ രംഗത്തെ അധികായന്മാരെല്ലാം മൺമറഞ്ഞു. ടി.കെ.സി. വടുതല, സി. അയ്യപ്പൻ, ഡോ. എം. കുഞ്ഞാമൻ, വെട്ടിയാർ പ്രേംനാഥ്, ഭവാനി പ്രേംനാഥ്, പോൾ ചിറക്കരോട്, വി.കെ. നാരായണൻ, കെ.കെ.എസ്. ദാസ്, കെ.കെ. കൊച്ച്…

ദളിത് ചിന്തകനും എഴുത്തുകാരനും ചരിത്രകാരനും സാമൂഹിക പ്രവർത്തകനുമായ കെ.കെ. കൊച്ച് ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് അന്തരിച്ചു.
വലിയ സ്നേഹമുള്ള മനുഷ്യനായിരുന്നു കൊച്ചു സാർ. ദളിത്‌ വിഷയത്തിൽ അദ്ദേഹത്തിന്റെ വേറിട്ടതും അന്വേഷണാത്മകവും ചരിത്രപരവുമായ ലേഖനങ്ങളും പുസ്തകങ്ങളും എത്രയോ കാലമായി വായിക്കുന്നു. നാലുവർഷം മുമ്പാണ് ഞങ്ങൾ കണ്ണൂരിൽ വെച്ച് അവസാനമായി കണ്ടുപിരിഞ്ഞത്. ലൈബ്രറി കൗൺസിൽ പുസ്തകമേള കണ്ണൂർ കളക്ട്രേറ്റ് മൈതാനിയിൽ നടക്കുമ്പോൾ ഒരു ദിവസം രാവിലെ അദ്ദേഹം ‘ഉൺമ’യുടെ സ്റ്റാളിലേക്കുവന്നു.
“മോഹൻ, ഞാൻ ട്രെയിനിൽ വന്നിറങ്ങിയതേയുള്ളു. പ്രഭാതകൃത്യങ്ങൾ നിർവ്വഹിക്കണം. എനിക്കിന്നിവിടെ ഒരു പരിപാടിയുണ്ട്. അതു കഴിഞ്ഞുടനേ മടങ്ങും.” ഞാനെന്റെ ലോഡ്ജ് മുറിയുടെ താക്കോൽ കൊടുത്തിട്ടു പറഞ്ഞു:
“വിശ്രമവും കഴിഞ്ഞു വന്നാൽ മതി സാർ.”
തിരിച്ചുവന്ന് നല്ല വാക്കുകളൊക്കെ പറഞ്ഞ് അന്നു പിരിഞ്ഞതാണ്. പിന്നീട് നേരിട്ടു കണ്ടിട്ടില്ല. ഒരുപാട് വർഷത്തെ ബന്ധമുണ്ട്. നല്ല മനുഷ്യനായിരുന്നു അദ്ദേഹം.
ഓരോരുത്തരും കടന്നുപൊയ്ക്കഴിയുമ്പോഴാണ് നമ്മൾ അവരെപ്പറ്റി ‘നല്ലവർ’ എന്നു പറയുന്നത്. ജീവിച്ചിരിക്കുമ്പോൾ അങ്ങനെ പറയാൻ ഒരുപാട് പിശുക്കു കാണിക്കും.
നാളെ ഒറ്റദിവസംകൂടി അദ്ദേഹം നമ്മോടൊപ്പം ജീവിക്കും എന്നു വിചാരിക്കുന്നു. മരണാനന്തര കാര്യങ്ങൾ കഴിഞ്ഞാൽ നാം നമ്മുടെ വഴിയേ വീണ്ടും നടന്നുതുടങ്ങും. കൊച്ചുസാർ നമ്മുടെ മനസ്സുകളിൽ നിന്നും, കടുത്തുരുത്തിയിൽ നിന്നും എവിടേക്കോ മറഞ്ഞുപോവുകയും ചെയ്യും. ഒരുവിധത്തിൽ അങ്ങനെ വേണമല്ലോ. അല്ലെങ്കിൽ പിന്നെന്താ.

ഉൺമ മോഹൻ


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response