“രാസലഹരിക്കെതിരെ ജീവനക്കാരുടെ സമൂഹം പ്രചരണം ശക്തമാക്കണം”– ജയശ്ചന്ദ്രൻ കല്ലിംഗൽ.

കോഴിക്കോട് : രാസലഹരിക്കെതിരെ ജാഗ്രതയോടെ പ്രവർത്തിക്കാൻ ജീവനക്കാരുടെ സമൂഹം പ്രചരണം ശക്തമാക്കണമെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ. കമ്പോളാധിഷ്ഠിത സാമൂഹ്യ സാഹചര്യത്തിൽ ലഹരി മരുന്നും സൈബർ കുറ്റകൃത്യങ്ങളും സമൂഹത്തെ ശിഥിലമാക്കുമെന്നും അരാജകത്വത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നടന്ന “ഹരിതം” ദ്വിദിന പഠന ക്യാമ്പിന്റെ ഭാഗമായി നടന്ന യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണ തൊഴിലാളി സമൂഹത്തിന് ജീവിക്കാനുതകുന്ന സാമ്പത്തിക സാഹചര്യം സൃഷ്ടിക്കുന്നതിൽ ഭരണകൂടങ്ങൾ പരാജയപ്പെടുകയാണെന്നും ഇത് നിലവിലെ സാമ്പത്തിക സന്തുലനത്തെ അട്ടിമറിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ ജനങ്ങളുമായി കൂടുതൽ സമ്പർക്കത്തിലേർപ്പെടുന്ന ഭരണ സംവിധാനങ്ങളെ ശാക്തീകരിക്കണമെന്നും ജയശ്ചന്ദ്രൻ കല്ലിംഗൽ പറഞ്ഞു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച ജീവനക്കാർക്കുള്ള പുരസ്കാര വിതരണം ജോയിന്റ് കൗൺസിൽ ചെയർമാൻ കെപി ഗോപകുമാർ നിർവഹിച്ചു. കാംസഫ് സംസ്ഥാന പ്രസിഡന്റ് സതീഷ് കണ്ടല അധ്യക്ഷത വഹിച്ചു.
ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ.മുകുന്ദൻ, കാംസഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബി അനു, ഭാരവാഹികളായ ആർ.സരിത, അഭിലാഷ്. എസ്, ദേവികൃഷ്ണ.എസ്, സുഭാഷ് എ.കെ, സായൂജ് കൃഷ്ണൻ, ബീന കെ.ബി, കെ.മനോജൻ, മനോജ് പുതുശ്ശേരി എന്നിവർ സംസാരിച്ചു.
സിവിൽ സർവീസും വർത്തമാനകാലവും, ലീഡർഷിപ്പ് ആന്റ് പ്രസന്റേഷൻ സ്കിൽ എന്നീ വിഷയങ്ങളിൽ കെ.പി ഗോപകുമാർ, പ്രതീപൻ മാലോത്ത് എന്നിവർ ക്ലാസ്സെടുത്തു.
സൗത്ത് ഏഷ്യൻ ഗെയിംസിലെ സൈക്ലിങ് സ്വർണ്ണ മെഡൽ ജേതാവ് മഹിത മോഹൻ, നോവലിസ്റ്റ് സുരേഷ് തൃപ്പൂണിത്തുറ, കവയത്രി ശ്രീജ വി.എസ്, കവിയും എഴുത്തുകാരനുമായ പ്രസാദ് കരുവളം, സേവനത്തിൽ നിന്നും വിരമിച്ച കാംസഫ് മുൻ സംസ്ഥാന പ്രസിഡന്റ് എൻ.കെ സതീഷ്, മുൻ സംസ്ഥാന കമ്മിറ്റി അംഗം എം.ഒ അനിൽകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
‘കുറ്റ്യാടി പുഴയെ അറിഞ്ഞ് ഒരു ബോട്ട് യാത്ര’, ഇപ്റ്റ കലാകാരന്മാർ അവതരിപ്പിച്ച കലാസന്ധ്യ, പ്രകൃതി സംരക്ഷണ-മാലിന്യ മുക്ത നവകേരള പ്രതിജ്ഞ, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയും പഠന ക്യാമ്പിന്റെ ഭാഗമായി നടന്നു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response