“ടൂർ പാക്കേജ് കമ്പനിയുടെ പേരിൽ തട്ടിപ്പ്:പ്രതികൾ അറസ്റ്റിൽ”

ടൂർ പാക്കേജ് നൽകുന്ന കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തിയ പ്രതികൾ പോലീസിന്റെ പിടിയിലായി. ഡൽഹി സ്വദേശികളായ രാഹുൽ കുമാർ(26), സാദ് സെയ്ഫി(21), ഹർപ്രീത് ബൻസൽ(27), ഗഗൻ സലൂജാ26), കപിൽ സിംഗ്(26), അങ്കിത് സിംഗ്(23) എന്നിവരാണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. കൊല്ലം മുണ്ടക്കൽ സ്വദേശിയുടെ പരാതിയിൽ കൊല്ലം വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും പിടിയിലായത്. ഈ മാസം 19-ാം തീയതി ടൂർ പാക്കേജ് നൽകുന്ന ക്ലബ്ബ് റിസോർട്ടോ എന്ന സ്ഥാപനത്തിൽ നിന്നാണെന്നു പറഞ്ഞു പരാതിക്കാരനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ഈ സ്ഥാപനത്തിന്റെ മെമ്പർഷിപ്പ് എടുത്താൽ രണ്ട് രാത്രി ഇൻഡ്യയിൽ എവിടെ വേണമെങ്കിലും താമസിക്കുവാനുള്ള ഒരു ഗിഫ്റ്റ് വൗച്ചറും കൂടാതെ പ്രശസ്തമായ സിനിമ തീയറ്ററിലെ രണ്ട് ടിക്കറ്റും നൽകാമെന്ന് വാഗ്ദാനം നൽകി. തുടർന്ന് കൊല്ലം തേവള്ളിയിലുള്ള പ്രശസ്തമായ സ്വകാര്യ ക്ലബ്ബിൽ വച്ചു മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തുന്നതായ് അറിയിക്കുകയും അതിൽ പങ്കെടുക്കുവാൻ ക്ഷണിക്കുകയും ചെയ്യ്തു. മെമ്പർഷിപ്പ് ക്യാമ്പയിനിൽ പങ്കെടുക്കാൻ എത്തിയ പരാതിക്കാരനിൽ നിന്നും ഒരു ലക്ഷം രൂപ മെമ്പർഷിപ്പ് ഫീസായി വാങ്ങിയ ശേഷം വീണ്ടും ഒരു ലക്ഷം രൂപ കൂടി നൽകിയാലെ മെമ്പർഷിപ്പ് വൗച്ചർ നൽകൂ എന്ന് പറഞ്ഞ് ചതിക്കുകയായിരുന്നു. തുടർന്ന് വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിൽ ഈ സംഘം മൂന്ന് ദിവസമായി ഇവിടെ മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി വരികയായിരുന്നു എന്നും നിരവധി ആളുകളിൽ നിന്ന് ഇപ്രകാരം പണം കൈപ്പറ്റിയിട്ടുള്ളതായും കണ്ടെത്താൻ കഴിഞ്ഞു. കൊല്ലം എ.സി.പി യുടെ മേൽനോട്ടത്തിലും വെസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ ഫയാസിന്റെ നേതൃത്വത്തിലും എസ്.ഐ മാരായ രാജേഷ്, ജയലാൽ എസ്.സി.പി.ഒ മാരായ ശ്രീലാൽ, ദീപു ദാസ്, രതീഷ്, സി.പി.ഒ മാരായ സുരേഷ്, സലീം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.