
കാനറ ബാങ്കിലെ കൺകറൻ്റ് ഓഡിറ്റർ സുധാകരൻ വിജിലൻസ് പിടിയിൽ.
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ ചുമതല വഹിക്കുന്ന സുധാകരൻ.കെ യെ 50,000/- രൂപ കൈക്കൂലി വാങ്ങവേ ഇന്ന് എറണാകുളം വിജിലൻസ് പിടികൂടി.
എറണാകുളം പനമ്പള്ളി നഗർ സ്വദേശിയും, കേരളത്തിലെ വിവിധ ജില്ലകളിൽ സ്കിൽ ഡെവലപ്മെന്റ് സ്ഥാപനങ്ങൾ നടത്തി വരുന്നതുമായ പരാതിക്കാരൻ, മാവേലിക്കരയിലുള്ള കാനറാ ബാങ്കിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി ലോൺ എടുത്തിരുന്നു. കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിലെ കൺകറണ്ട് ഓഡിറ്ററായി ചുമതല വഹിക്കുന്ന സുധാകരൻ പരാതിക്കാരനെ ഫോണിൽ വിളിച്ച്, പരാതിക്കാരന്റെ ലോൺ അക്കൌണ്ട് 1.40 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റ് ആയതായും, ഓഡിറ്റ് ചെയ്തതിൽ തിരിമറി നടന്നിട്ടുണ്ടെന്നും, ആയത് റീ-ഓഡിറ്റ് ചെയ്യേണ്ടി വരുമെന്നും, അല്ലെങ്കിൽ 6 ലക്ഷം രൂപ കൈക്കൂലി നൽകണമെന്നും അല്ലാത്ത പക്ഷം കിട്ടാക്കടം ആയി പ്രഖ്യാപിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. കൈക്കൂലി നൽകാത്തതിനാൽ പല പ്രാവശ്യം ഫോണിൽ വിളിച്ച് ഭീക്ഷണി തുടരുകയും, തുടർന്ന് ഇന്നലെ ഫോണിൽ വിളിച്ച് ആദ്യ ഗഢു കൈക്കൂലിയായി 10,000/- രൂപ ഗൂഗിൾ-പേയിൽ അയക്കാൻ പറഞ്ഞു. തുടർന്ന് പരാതിക്കാരൻ 10,000/- രൂപ ഗൂഗിൾ-പേയിൽ അയച്ചു കൊടുത്തിരുന്നു. ബാക്കി തുക ഇന്ന് തന്നെ എത്തിക്കണമെന്ന് ഫോണിൽ കൂടി വീണ്ടും പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് മദ്ധ്യമേഖല പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്ന് വൈകുന്നേരം കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിലെ കൺകറണ്ട് ഓഡിറ്ററായ സുധാകരൻ.കെ യെ കൊല്ലം ചിന്നക്കടയിലെ സ്വന്തം വീടിനോട് ചേർന്നുള്ള ഓഫീസ് റൂമിൽ വച്ച് പരാതിക്കാരനിൽ നിന്നും 50,000/- രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത ഐ.പി.എസ് അഭ്യർത്ഥിച്ചു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.