“സൈബര്‍ തട്ടിപ്പുകാരനെ ജാര്‍ഖണ്ഡില്‍ നിന്നും പിടികൂടി കൊല്ലം സിറ്റി പോലീസ്”

കരുനാഗപ്പള്ളി മാരാരിത്തോട്ടം സ്വദേശിനിയുടെ 10 ലക്ഷം രൂപയോളം സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്ന പ്രതിയെ ജാര്‍ഖണ്ഡില്‍ നിന്നും പോലീസ് പിടികൂടി. ജാര്‍ഖണ്ഡ് സംസ്ഥാനത്തിലെ ജാംതാര ജില്ലയിലെ കര്‍മ്മ താര്‍ സ്വദേശിയായ അക്തര്‍ അന്‍സാരിയാണ് (27)

കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. 13 ദിവസം നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ്പ്രതിയെ പിടികൂടാനായത്.
ഓണ്‍ലൈന്‍ പെയ്മെന്‍റ് നടത്താന്‍ കഴിയാതെ വന്നപ്പോള്‍ ഗൂഗിളില്‍ തിരഞ്ഞ് കണ്ടെത്തിയ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ബന്ധപ്പെട്ടതാണ് മാരാരിതോട്ടം സ്വദേശിക്ക് വിനയായത്. പ്രതി ഉള്‍പ്പെട്ട തട്ടിപ്പ് സംഘം നല്‍കിയിരുന്ന വ്യാജ നമ്പറിലാണ് വിളി എത്തിയത്. സഹായിക്കാമെന്ന വ്യാജേന നിര്‍ദ്ദേശങ്ങള്‍ നല്‍കി ചതിക്കുകയായിരുന്നു. ടെലി മാര്‍ക്കറ്റിംഗ് കോളിലൂടെ വ്യക്തികളെ വലയിലാക്കി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ അക്തര്‍ അന്‍സാരി. ബംഗാള്‍, ജാര്‍ഖണ്ഡ് ഒഡീഷ, ഉത്തര്‍പ്രദേശ്, എന്നിവിടങ്ങളില്‍ നിന്നും ഗ്രാമീണരുടെ പേരില്‍ സിമ്മുകള്‍ വാങ്ങി ആയത് തട്ടിപ്പുകാര്‍ക്ക് 600, 700 രൂപയ്ക്ക് വില്‍ക്കുന്നവര്‍, വ്യാജ ആപ്പുകള്‍ നിര്‍മ്മിച്ചു നല്‍കുന്നവര്‍, കോള്‍ സെന്‍റര്‍ നടത്തി ഇരകളെ വലയില്‍ ആക്കുന്നവര്‍, ഇങ്ങനെ ഇരയാകുന്നവരുടെ യൂസര്‍ നെയിം പാസ്സ്വേര്‍ഡ് കൈക്കല്‍ ആക്കുന്നവര്‍, ആയത് ഉപയോഗിച്ച് പണം മുമ്പ് വാങ്ങിയ അക്കൗണ്ട് വഴി പിന്‍വലിക്കാന്‍ സഹായിക്കുന്നവര്‍ എന്നിങ്ങനെ 15 പേരടങ്ങിയ സംഘമാണ് തട്ടിപ്പുകള്‍ നടത്തുന്നത്.ജാമ്താരാ ജില്ലയിലെ കര്‍മ്മ താര്‍ മോഹന്‍ പൂര്‍ ഗ്രാമത്തിലെ ഇയാളുടെ സുഹൃത്തുക്കള്‍ എല്ലാം തന്നെ ഇത്തരം സൈബര്‍ തട്ടിപ്പ് നടത്തുന്നവരാണ് എന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണ് അന്വേഷണ സംഘത്തിന് കണ്ടെത്താനായത്.
പ്രതിയിലേക്ക് എത്തിപ്പെടാനുള്ള നേരിട്ടുള്ള മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാതിരിക്കെ കഴിഞ്ഞവര്‍ഷം ജനുവരിയില്‍ തട്ടിപ്പ് നടത്തിയ ശേഷം പ്രതി ഉപേക്ഷിച്ച ഒരു സിം കാര്‍ഡിന്‍റെ സ്വിച്ച് ഓഫ് ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയവും കുറ്റമറ്റതുമായ അന്വേഷണത്തിലൂടെയാണ് പോലീസ് സംഘത്തിന് പ്രതിയിലേക്ക് എത്താന്‍ കഴിഞ്ഞത്.
പ്രതിയുടെ ഗ്രാമത്തിലേക്ക് സംശയാസ്പതമായി പുറത്ത് നിന്ന് ആരു വന്നാലും വിവരങ്ങള്‍ ഉടന്‍ സൈബര്‍ ഫ്രാഡുകള്‍ക്ക് എത്തിയിരുന്നു. ആയതിനാല്‍ തന്നെ ഗ്രാമത്തില്‍ കടന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുക എന്നത് ഏറെ ദുഷ്കരമായിരുന്നു. ഇത് മനസിലാക്കിയ അന്വേഷണ സംഘം ദിവസങ്ങളോളം അവിടുത്തെ കാര്യങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച ശേഷം പുലര്‍ച്ചെ അതി സാഹസികമായി നടത്തിയ നീക്കത്തിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു.
അന്വേഷണത്തിന്‍റെ ഭാഗമായി തട്ടിപ്പ് സംഘത്തിന് വെബ്സൈറ്റ് നിമ്മിച്ചു നല്‍കിയ ജാര്‍ഖണ്ഡ് റാഞ്ചി സ്വദേശിയായ ആശിഷ് കുമാര്‍, സംഘത്തലവനും ബംഗാള്‍ സ്വദേശിയും ഇപ്പോള്‍ ജാര്‍ഖണ്ഡില്‍ താമസക്കാരനുമായ ഹര്‍ഷാദ്, വ്യാജ സിമ്മുകള്‍, വ്യാജ ഐഡി കാര്‍ഡുകള്‍ എന്നിവ നിര്‍മ്മിച്ചു നല്‍കുന്ന ബംഗാള്‍ സ്വദേശിയായ ബബ്ലു എന്നിവരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതുകൂടാതെ ജാര്‍ഖണ്ഡിന് പുറത്ത് എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ തട്ടിപ്പ് സംഘത്തെ സഹായിക്കുന്ന സല്‍മാനെയും ഇയാളുടെ സഹായികളേയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൃത്യമായി വീതിച്ച് നല്‍ക്കുന്നതാണ് ഇവരുടെ രീതി. ഇത് കൂടാതെ ഇങ്ങനെ കിട്ടുന്ന പണം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചാല്‍ ആയത് അന്വേഷണ ഏജന്‍സികള്‍ കണ്ടുപിടിക്കും എന്നതിനാല്‍ ഗ്രാമീണരുടെ പേരില്‍ എന്‍.എസ്.ഡി.എല്‍ അക്കൗണ്ട് തുടങ്ങിയാണ് തട്ടിപ്പുകാര്‍ പണം കൈമാറ്റം ചെയ്യുന്നത്.
തട്ടിപ്പ് രീതികള്‍ ഗൂഗിളില്‍ നാഷണലൈസ്ഡ് ബാങ്കുകളുടെയും കൊറിയര്‍ സര്‍വീസുകളുടെയും മറ്റും കസ്റ്റമര്‍ കെയര്‍ എന്ന വ്യാജേന പ്രതികള്‍ തങ്ങളുടെ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കുക വഴി കസ്റ്റമര്‍ കെയര്‍ നമ്പര്‍ തിരയുന്ന ഉപഭോക്താക്കള്‍ പ്രതികളുടെ നമ്പറുകളിലേക്ക് ബന്ധപ്പെടാന്‍ ഇടയാക്കുകയും തുടര്‍ന്ന് ബന്ധപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് പ്രതികള്‍ സാങ്കേതിക സഹായത്തോടെ നിര്‍മ്മിച്ച വ്യാജ വെബ്സൈറ്റുകളുടെ വിലാസം നല്‍കി അത് ലോഗിന്‍ ചെയ്യിപ്പിച്ച് എപികെ ഫയലുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ച് ലോഗിന്‍ വിവരങ്ങളും മറ്റും ചോര്‍ത്തിയെടുത്ത് അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കലാണ് ഇവരുടെ രീതി. മറ്റുള്ളവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് അക്കൗണ്ട് വഴി പരസ്യങ്ങള്‍ നല്‍കി ആള്‍ക്കാരെ വലയിലാക്കുകയാണ് ഇവരുടെ മറ്റൊരു രീതി.
കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഓ. ബിജു എസ് ഐമാരായ കണ്ണന്‍, ഷാജിമോന്‍ ,എസ് സി പിഓ ഹാഷിം, കൊല്ലം സിറ്റി സൈബര്‍ പിഎസ് എസ് ഐ നിയാസ്, സി.പി.ഓ മാരായ ഫിറോസ്, ഇജാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.