
“വിമാന ടിക്കറ്റ് എടുത്തു നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത ട്രാവല്‍ ഏജന്‍സി ഉടമ പിടിയില്‍”
വിദേശ രാജ്യത്തേക്ക് കുടിയേറാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിമാന ടിക്കറ്റ് എടുത്ത് നല്‍കുകയും യാത്രക്ക് മുമ്പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍. കൂട്ടിക്കടയില്‍ സഫാരി ട്രാവല്‍സ് ആന്റ് ജനറല്‍ സര്‍വ്വീസ് എന്ന സ്ഥാപനം നടത്തുന്ന മയ്യനാട് കുട്ടിക്കട ആയിരംതെങ്ങ്, ലിബാസ് മന്‍സിലില്‍ ഇക്ബാല്‍ മകന്‍ സെയ്ദലി ലിബാസ് (35) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഷാര്‍ജയില്‍ നഴ്‌സ് ആയി ജോലി നോക്കിവരുന്ന ഇടുക്കി സ്വദേശിനിയായ യുവതിക്ക് ന്യൂസിലാന്റിലേക്ക് കുടിയേറാന്‍ സഹായിക്കാമെന്നും അതിനായി ന്യൂസിലാന്റില്‍ വച്ച് നടക്കുന്ന 15 ദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്നും പറഞ്ഞാണ് തട്ടിപ്പ് ആരംഭിച്ചത്. തുടര്‍ന്ന് പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം അറിയിച്ച യുവതിയോട് ന്യൂസിലാന്റിലേക്കു മടക്ക യാത്രക്കുമുള്ള വിമാന ടിക്കറ്റ് കുറഞ്ഞ തുകയ്ക്ക് ബുക്ക് ചെയ്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഒരു ലക്ഷത്തി എണ്‍പത്തയ്യായിരത്തോളം രൂപ ഓണ്‍ലൈനായി വാങ്ങിയെടുക്കുകയും ടിക്ക്റ്റ് ബുക്ക് ചെയ്ത് യുവതിക്ക് നല്‍കുകയും ചെയ്തു. ശേഷം യാത്ര പുറപ്പെടുന്നതിന് മുമ്പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് തുക പ്രതിയുടെ അക്കൗണ്ടില്‍ തിരിച്ച് വാങ്ങുകയുമായിരുന്നു.
സമാനമായ രീതിയില്‍ യുവതിയുടെ സുഹൃത്തുക്കളില്‍ നിന്നും ഇയാള്‍ തട്ടിപ്പ് നടത്തി ഒന്‍പത് ലക്ഷത്തോളം രൂപ തട്ടിയെടുത്തു. വിമാന ടിക്കറ്റുമായി യാത്രക്കായി എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് ടിക്കറ്റ് ക്യാന്‍സലാക്കിയ വിവരം യുവതിയും സുഹൃത്തുക്കളും അറിയുന്നത്. പ്രതിയുടെ തട്ടിപ്പ് മനസിലായ യുവതി പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കൊല്ലം എസിപി ഷെരിഫിന്റെ നിര്‍ദ്ദേശാനുസരണം ഇരവിപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ജയേഷ്, ഷാജി, സിപിഒ രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതിന് അഞ്ച് പരാതി കൂടി ലഭിച്ചിട്ടുണ്ട്, കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് ഇരവിപുരം പോലീസ് പരിശോധിച്ച് വരുകയാണ്.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.