
കേരളത്തിലെയും പശ്ചിമബംഗാൾ, ഗോവ ഗവർണർമാരെയും അസാധാരണ വിരുന്നിനു വിളിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി കേരളത്തിൽ സിപിഎം-ബിജെപി അന്തർധാര ശക്തമാക്കാനാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. മകൾ ഉൾപ്പെട്ട അഴിമതിക്കേസിലും ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ നടക്കുന്ന സി.ബി.ഐ അന്വേഷണത്തിനും തനിക്കെതിരേ ഉയരുന്ന വിവാദങ്ങൾക്കും തടയിടാനും ബിജെപിയുമായി സന്ധിയുണ്ടാക്കി തുടർഭരണത്തിനു സാധ്യത തേടാനുമാണ് മൂന്ന് ബിജെപി ഗവർണർമാരെ മുഖ്യമന്ത്രി നേരിട്ടു വിരുന്നിനു ക്ഷണിച്ചത്.
കഴിഞ്ഞ കുറേ നാളായി ബിജെപിയുമായി സിപിഎം അനുവർത്തിച്ചു പോരുന്ന അന്തർധാര ശക്തമാക്കാൻ മുഖ്യമന്ത്രി നടത്തിയ വിരുന്നുസൽക്കാര നയതന്ത്രമാണ് പാളി പാളീസായതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഏതെങ്കിലും തരത്തിലുള്ള ദേശീയ- സംസ്ഥാന വിജയാഘോഷങ്ങളിലും പ്രത്യക നേട്ടങ്ങളിലുമാണ് ഇത്തരം വിരുന്ന് സൽക്കാരത്തിനു മുഖ്യമന്ത്രി മുൻകൈ എടുക്കുന്നത്. എന്നാൽ ഇത്തരമൊരു അസാധാരണ വിരുന്നിനുള്ള ഒരു സാഹചര്യവും സംസ്ഥാനത്തു നിലവിലില്ല.
മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസ് നിർണായക ഘട്ടത്തിലെത്തി നിൽക്കെയാണ് ഡിന്നർനയതന്ത്രത്തിലൂടെ കേന്ദ്ര സർക്കാരിലേക്ക് ഒരു പാലം നിർമിക്കുന്നതിനു ഗവർണർമാരെ ഉപയോഗിക്കാൻ തീരുമാനിച്ചതെന്നു സംശയിച്ചാൽ തെറ്റില്ല.
നേരത്തേ, ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ഇതുപോലൊരു വിരുന്ന് നൽകിയിരുന്നു. അന്നത്തെ ബ്രേക്ക് ഫാസ്റ്റ് മീറ്റിങ്ങ് ഒത്ത് തീർപ്പിൻ്റെ ഭാഗമാണെന്ന ആക്ഷേപം ഉയർന്നിരുന്നതാണ്. അതേ ഒത്തുതീർപ്പ് രാഷ്ട്രീയം തന്നെയാണ് ഇന്നൊരുക്കിയ വിരുന്നിലും തെളിഞ്ഞു കാണുന്നത്.
മുഖ്യമന്ത്രി കുടുംബ സമേതം ആഴ്ചകൾക്ക് മുമ്പ് രാജ്ഭവനിൽ നേരിട്ടെത്തിയായിരുന്നു രാജേന്ദ്ര ആർലേക്കറെ ഡിന്നറിന് ക്ഷണിച്ചത്. പിന്നീട് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയെയും ബംഗാൾ ഗവർണർ സിവി ആനന്ദബോസിനെയും മുഖ്യമന്ത്രി നേരിട്ട് ക്ഷണിക്കുകയായിരുന്നു. ഇക്കാര്യം രഹസ്യമായി വച്ച സർക്കാർ എന്തിനാണ് ഇത്തരമൊരു വിരുന്നെന്ന് മാധ്യമങ്ങളെപ്പോലും അറിയിച്ചിരുന്നില്ല.
ഒരു കാരണവുമില്ലാതെ മുഖ്യമന്ത്രി വിളിച്ച ഡിന്നർപാർട്ടിയിൽ നിന്നു ഗവർണർമാർ പിന്മാറിയിരിക്കയാണ്. അതുവഴി കേരളത്തിന്റെ മുഖ്യമന്ത്രിയാണ് അപമാനിതനായത്. നാണംകെട്ടും ഭരണത്തിൽ കടിച്ചുതൂങ്ങി, ബിജെപിയുടെ സഹായത്തോടെ മൂന്നാമതും അധികാരത്തിലെത്താനുള്ള ശ്രമമാണു മുഖ്യമന്ത്രി നടത്തുന്നത്.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.