Kerala Latest News India News Local News Kollam News

“എയർ ഇന്ത്യ വിമാനങ്ങൾക്ക് ഭീഷണി”

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനങ്ങൾക്ക് ഭീഷണിയുമായി ഖലിസ്ഥാൻ വിഘടനവാദി ഗുർപട്‌വന്ത് സിങ് പന്നു. നവംബർ ഒന്നു മുതൽ 19 വരെ വിമാനങ്ങളിൽ യാത്ര ചെയ്യരുതെന്ന് പന്നു പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. സിഖ് വിരുദ്ധ കലാപത്തിന്റെ വാർഷികം ആയതിനാൽ ആക്രമണം ഉണ്ടാകുമെന്നാണ് പന്നുവിന്റെ ഭീഷണി. ഒരാഴ്ചയ്ക്കിടെ നൂറോളം വിമാനങ്ങൾക്ക് സുരക്ഷാ ഭീഷണി ഉണ്ടായ സാഹചര്യത്തിൽ പന്നുവിന്റെ ഭീഷണിയെ ജാഗ്രതയോടെ വിലയിരുത്തുകയാണ് സുരക്ഷാ ഏജൻസികൾ.

കഴിഞ്ഞ വർഷവും പന്നു സമാനമായ രീതിയിൽ ഭീഷണി സന്ദേശം പുറത്തിറക്കിയിരുന്നു. ഖാലിസ്ഥാൻ വാദം ഉന്നയിക്കുന്ന സിഖ് ഫോർ ജസ്റ്റിസ് സംഘടനയുടെ സ്ഥാപകനാണ്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതായി ആരോപിച്ച് 2020 ജൂലൈയിൽ പന്നുവിനെതിരെ യുഎപിഎ ചുമത്തിയിരുന്നു. അമേരിക്കയിലുള്ള പന്നുവിനെതിരെ കേന്ദ്രം അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

പഞ്ചാബിൽ വിഘടനവാദത്തെ വളരെയധികം പിന്തുണയ്ക്കുന്നതാണ് പന്നുവിന്റെ രാഷ്ട്രീയം. സ്വതന്ത്ര സിഖ് രാഷ്ട്രത്തിനായി വാദിച്ചു കൊണ്ട് ഖലിസ്ഥാൻ ആശയത്തിനു പ്രോത്സാഹനം നൽകി. തുടർന്ന് ഖലിസ്ഥാൻ വിഘടനവാദത്തിന്റെ വക്താവായി മാറി. സ്വതന്ത്ര സിഖ് രാഷ്ട്രമെന്ന ആശയം മുൻനിർത്തി യുഎസ്, കാനഡ, ബ്രിട്ടൻ എന്നിവിടങ്ങളിൽ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ മുൻപന്തിയിലുള്ള പന്നു ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ മനുഷ്യാവകാശ ലംഘനം ആരോപിച്ച് തുടർച്ചയായി കേസുകളും നടത്തുന്നുണ്ട്.

പലതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും പങ്ക് തെളിഞ്ഞതിനെ തുടർന്ന് 2020ൽ ഇന്ത്യ പന്നുവിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. കൃഷിഭൂമിയും സർക്കാർ കണ്ടുകെട്ടുകയുണ്ടായി.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading