
“ബലാത്സംഗ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മുൻ സർക്കാർ അഭിഭാഷകൻ പിജി മനു തൂങ്ങി മരിച്ച നിലയില്‍”
കൊല്ലത്തെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിന്റെ ആവശ്യങ്ങള്‍ക്കായി ഈ വാടക വീട്ടിലാണ് പിജി മനു താമസിച്ചിരുന്നത്. എറണാകുളം പിറവം സ്വദേശിയായ മനുവിന്റെ മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി.നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പിജി മനുവിന് ജാമ്യം ലഭിച്ചിരുന്നു. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയില്‍ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപില്‍ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യവും എന്നിവയായിരുന്നു ഉപാധികള്‍. കേസില്‍ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നല്‍കിയത്.
കഴിഞ്ഞ ജനുവരി 31 നാണ് പുത്തൻകുരിശ് ഡിവൈഎസ്പിയക്ക് മുന്നില്‍ പിജി മനു കീഴടങ്ങിയത്. 2018 ല്‍ ഉണ്ടായ ലൈംഗിക അതിക്രമ കേസില്‍ 5 വർഷമായിട്ടും നടപടിയാകാതെ വന്നപ്പോള്‍ പൊലീസ് നിർദ്ദേശപ്രകാരം നിയമ സഹായം തേടിയെത്തിയ യുവതിയെ ഓഫീസില്‍ വെച്ചും വീട്ടില്‍ വെച്ചും ബലാത്സഗം ചെയ്തെന്നാണ് പിജി മനുവിനെതിരായ കേസ്. അഭിഭാഷകൻ അയച്ച വാട്സ്‌ആപ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിന് കൈമാറിയിട്ടുണ്ട്. ബലാത്സംഗം, ഐടി ആക്‌ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരുന്നത്.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.