“പൂരനഗരിയിലേക്ക് ആംബുലന്‍സില്‍ വന്നതിന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തു”

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൂരനഗരിയിലേക്ക് ആംബുലന്‍സില്‍ വന്നതിന് പോലീസ് കേസെടുത്തു. സിപിഐ നേതാവായ അഡ്വ. സുമേഷ് നല്‍കിയ പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് ആണ് കേസെടുത്തത്. ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചെന്നാണ് പൊലീസ് എഫ്‌ഐആര്‍. ഇന്നു പുലര്‍ച്ചെയാണ് സുരേഷ് ഗോപിക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഐപിസി 279,34 വകുപ്പുകള്‍, മോട്ടോര്‍ വാഹന നിയമം 179, 184, 188, 192 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. സുരേഷ് ഗോപിക്കു പുറമെ, അഭിജിത് നായര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ജനത്തിരക്കിനിടെ മനുഷ്യജീവന് ഹാനി വരാന്‍ സാധ്യതയുള്ള തരത്തില്‍ ആംബുലന്‍സ് സഞ്ചരിച്ചു. രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുവാദമുള്ള ആംബുലന്‍സ് ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആര്‍ പറയുന്നു.
നേരത്തെ തൃശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിവരികയാണ്. സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയുമായി ബന്ധപ്പെട്ട് നിലവില്‍ രണ്ടു പരാതികളാണുള്ളത്. ഇതില്‍ ഒരെണ്ണം പൊലീസും മറ്റൊന്ന് മോട്ടോര്‍ വാഹന വകുപ്പുമാണ് അന്വേഷിച്ചു വരുന്നത്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.