കൃഷി ഡയറക്ട്രേറ്റിൽ കേരളപ്പിറവി ദിനാഘോഷവും ഭരണഭാഷ വാരാചരണവും

തിരുവനന്തപുരം : കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഭരണഭാഷ വാരാചരണത്തിന് വികാസ്ഭവനിലുള്ള കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ട്രേറ്റിൽ തുടക്കമായി. കൃഷി വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള ഐഎഎസ് ഭരണഭാഷ വാരാചരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഭരണഭാഷ പ്രതിജ്ഞ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബീന പിഎസ് ജീവനക്കാർക്ക് ചൊല്ലിക്കൊടുത്തു. ഒആന്റ്എം വിഭാഗം സൂപ്രണ്ട് സുധീപ് ജിവി അധ്യക്ഷത വഹിച്ചു.
“മലയാളവും സാങ്കേതിക വിദ്യയും ചില തിരിച്ചറിവുകൾ” എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയായ കൃഷി ഡയറക്ട്രേറ്റിലെ ഫെയർകോപ്പി സൂപ്രണ്ട് ഡോ. സാം ഇബനേസറിന് കൃഷി വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള ഐഎഎസ് ഉപഹാരം നൽകി അനുമോദിച്ചു.

മലയാള ശ്രേഷ്ഠഭാഷ പ്രാധാന്യത്തെ സംബന്ധിച്ച പ്രഭാഷണം, ഇംഗ്ലീഷ് ഭാഷയ്ക്ക് തുല്യമായ മലയാള പദങ്ങൾ എഴുതിയ ബോർഡ് സ്ഥാപിക്കൽ, ജീവനക്കാരുടെ മലയാള കവിതാലാപനം, ജീവനക്കാർക്കായി വിവിധ മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചു. സ്റ്റാഫ്‌ റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടറി ബിനുകുമാർ എഎൽ സ്വാഗതവും എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സുനിൽരാജ് നന്ദിയും പറഞ്ഞു. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ഭരണഭാഷാ വാരാചരണ പരിപാടികൾ നവംബർ ഏഴ്, വെള്ളിയാഴ്ച സമാപിക്കും.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.