കൊല്ലം: കെഎസ്ആർടിസി ബസ് ടെർമിനൽ നിർമ്മാണം എത്രയും വേഗം ആരംഭിക്കാൻ തിരുവനന്തപുരത്ത് ചേർന്ന മന്ത്രി തല യോഗത്തിൽ തീരുമാനിച്ചു. ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിൻ്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.
ഈ വിഷയത്തിൽ വെള്ളിയാഴ്ച വൈകിട്ട് 4.30ന് കൊല്ലത്ത് മന്ത്രി ബിന്ദു കൃഷ്ണയും യോഗം വിളിച്ചിട്ടുണ്ട്. എത്രയും വേഗം പദ്ധതി നടപ്പിലാക്കണം എന്നതാണ് ആവശ്യം. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നിലവിലെ ശോചനീയാവസ്ഥയിലുള്ള കെട്ടിടം എത്രയും വേഗം പൊളിച്ചുമാറ്റി താത്കാലിക സംവിധാനം ഒരുക്കണമെന്ന് കൊല്ലം എംഎൽഎ എന്ന നിലയിൽ യോഗത്തിൽ ആവശ്യപ്പെട്ടു.
തയ്യാറാക്കിയ പ്ലാനിൻ്റെ പോരായ്മകൾ യോഗത്തിൽ ഉയർന്നു വന്നു. അത് പരിഹരിച്ചുകൊണ്ട് പുതിയ പ്ലാൻ തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പ് ചീഫ് ആർക്കിടെക്റ്റിനെ ചുമതലപ്പെടുത്തി.
പുതിയ ബസ് ടെർമിനൽ നിലവിലെ ഗ്യാരേജ് ഇരിക്കുന്ന സ്ഥലത്ത് തന്നെ പണിയാൻ കഴിയും എന്ന് ഉറപ്പ് വരുത്തി. ഗ്യാരേജ് മറ്റ് എവിടേക്കെങ്കിലും മാറ്റാൻ കഴിയുമോ എന്ന സാധ്യത പരിശോധിക്കാൻ കെഎസ്ആർടിസി ഉദ്യോഗസ്ഥർക്ക് ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി പി ജോൺ നിർദ്ദേശം നൽകി.
നിലവിൽ 15 കോടി രൂപയാണ് നിർമ്മാണ പ്രവർത്തികൾക്ക് വേണ്ടി മാറ്റിവച്ചിട്ടുള്ളത്. അടിയന്തരമായി കെഎസ്ആർടിസി എംഡിയും ഉദ്യോഗസ്ഥരും പദ്ധതി പ്രദേശം പരിശോധിക്കൻ ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ നിർദ്ദേശിച്ചു.




