Home / Kerala News / ജില്ലാകമ്മിറ്റി യോഗവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകൾ: സി.പി.ഐ.(എം)

ജില്ലാകമ്മിറ്റി യോഗവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകൾ: സി.പി.ഐ.(എം)

 

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി യോഗത്തിൽ നടന്ന ചർച്ച എന്ന രീതിയിൽ ചില മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് ജില്ലാ സെക്രട്ടറി സ.എസ്.സുദേവൻ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അപ്രതീക്ഷിതമായ തിരിച്ചടിയാണ് നേരിട്ടത് എന്നത് വസ്തുതയാണ്. എല്ലാ തിരഞ്ഞെടുപ്പുകൾക്ക് ശേഷവും സാധാരണയായി നടക്കാറുള്ളതുപോലെ, വാർഡ് തലം മുതൽ സംസ്ഥാന തലം വരെയുള്ള എല്ലാ പാർട്ടി കമ്മിറ്റികളും ചേർന്ന് തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശദമായ പരിശോധനയും ആഴത്തിലുള്ള അവലോകനവും നടത്താറുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കേരളത്തിലുടനീളം പാർട്ടി ജില്ലാ കമ്മിറ്റി യോഗങ്ങൾ നടക്കുകയുണ്ടായി.

തിരഞ്ഞെടുപ്പിലെ രാഷ്ട്രീയവും സംഘടനാപരവുമായ കാര്യങ്ങളാണ് ഈ യോഗങ്ങളിൽ വിശദമായി പരിശോധിക്കപ്പെട്ടത്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും പോരായ്മകൾ പരിഹരിക്കുന്നതിനുമുള്ള ഗൗരവമായ ചർച്ചകളാണ് യോഗത്തിൽ ഉയർന്നുവന്നത്.

എന്നാൽ, ഈ യോഗങ്ങളിൽ ചർച്ച ചെയ്യാത്തതും തികച്ചും സങ്കൽപ്പികവുമായ കാര്യങ്ങളാണ് ചില പത്ര-ദൃശ്യ മാധ്യമങ്ങൾ ഈ ദിവസങ്ങളിൽ വാർത്തകളായി നൽകിക്കൊണ്ടിരിക്കുന്നത്. പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ബോധപൂർവ്വമായ ശ്രമമാണിത്. ഇത്തരം വ്യാജവും അടിസ്ഥാനരഹിതവുമായ വാർത്തകൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ജനാധിപത്യ സമൂഹം തള്ളിക്കളയണമെന്ന് സി.പി.ഐ.(എം) ജില്ലാ കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി സ.എസ്. സുദേവൻ അഭ്യർത്ഥിച്ചു.