26 May 2026
എഴുത്തു കാരി കെ.ആർ മീര എഴുതുന്നുസ്വന്തം കൂട്ടുകാരി അമ്പിളിയെക്കുറിച്ച്

കഴിഞ്ഞ മാസം 13ന് അമ്പിളിയുടെയും ചന്ദ്രശേഖറിന്റെയും ഏക മകൾ അപർണയുടെ വിവാഹമായിരുന്നു.

ഗാന്ധിഗ്രാമിൽ പഠിച്ച കാലം മുതലുള്ള കൂട്ടുകാരിയാണ് അമ്പിളി വി. ചലച്ചിത്ര നിരൂപണത്തിനു ധാരാളം പുരസ്കാരങ്ങൾ നേടിയിട്ടുള്ള ചന്ദ്രശേഖർ മനോരമയിൽ എന്റെ സഹപ്രവർത്തകൻ ആയിരുന്നു. അപർണ ജനിച്ചതു കോട്ടയത്താണ്. എന്റെ ഓർമയിൽ‌ ഞാൻ ആദ്യമായി‌ കയ്യിലെടുത്ത നവജാത ശിശുവാണ് അപർണ.

വിവാഹസ്ഥലത്തുവച്ച് എന്റെ സ്കൂൾ-കൂട്ടുകാരി ബിന്ദുവിനെ കണ്ടു. വെവ്വേറെ സ്കൂളുകളിലാണു ജോലി ചെയ്യുന്നതെങ്കിലും ഫിസിക്സ് അധ്യാപകരെന്ന നിലയിൽ ബിന്ദുവും അമ്പിളിയും സുഹൃത്തുക്കളാണ്. അമ്പിളിയുടെ സഹപ്രവർത്തകരായ രണ്ട് അധ്യാപികമാരെ ബിന്ദു അവിടെവച്ചു പരിചയപ്പെടുത്തി.

അതു കഴിഞ്ഞ് ഒരു ദിവസം ബിന്ദു വിളിച്ചു. അവളുടെ സ്വതസിദ്ധമായ മുരടൻ മട്ടിൽ ” എടീ, നിന്റെ കൂട്ടുകാരി അമ്പിളി റിട്ടയർ ചെയ്യുകയാണ്, അന്നു നമ്മുടെ കൂടെ ഫോട്ടോ എടുത്ത ദീപാറാണി വിളിക്കും, അമ്പിളിക്ക് ഒരു സർപ്രൈസ് ആയി നീ ചെല്ലണം, നീ ചെല്ലുമെന്നു വേറെ ആരും‌ അറിയരുത്” എന്നു കൽപ്പിച്ചു.

അമ്പിളിക്കുവേണ്ടി ഞാൻ എന്തുതന്നെ ചെയ്യില്ല! ഞാൻ സമ്മതിച്ചു.

അമ്പിളിയെ ആദ്യം കണ്ടതെന്നാണ്, പരിചയപ്പെട്ടതെങ്ങനെയാണ്, ഏതു നിമിഷമാണു സുഹൃത്തുക്കളായത് എന്നൊന്നും എനിക്ക് ഓർമയില്ല. അമ്പിളി പറയുന്നതിൻപ്രകാരം ഗാന്ധിഗ്രാമിലെ ഹോസ്റ്റൽമുറിയിൽവച്ചായിരുന്നു കണ്ടുമുട്ടൽ. ഞാനാണ് അവിടെ ആദ്യം എത്തിയത്. പെട്ടിയും കിടക്കയുമായി അവൾ എത്തിയപ്പോൾ ഞാൻ ആറു പേരുള്ള മുറിയുടെ ജനാലയ്ക്കരികിലെ ഇടം സ്വന്തമാക്കിയിരുന്നു.

ഏതായാലും അധികം വൈകാതെ അവളെന്റെ പ്രിയപ്പെട്ടവളായി. അമ്പിളിയെ ഇഷ്ടപ്പെടാൻ എളുപ്പമായിരുന്നു. നേരെവാ നേരെ പോ പ്രകൃതം. എങ്കിലും കാഞ്ഞബുദ്ധി. നല്ല കാര്യപ്രാപ്തി. അതിലേറെ ഉത്തരവാദിത്തബോധം. പിന്നെ നല്ല നർമബോധവും.

അവൾ അധ്യാപികയാകുമെന്നു ഞാൻ വിചാരിച്ചതല്ല. പക്ഷേ, അവൾ നല്ല അധ്യാപികയും പിന്നീടു മികച്ച പ്രിൻസിപ്പലും ആയി. തിരുവനന്തപുരം ശാസ്തമംഗലത്ത് രാജാകേശവദാസ് സ്മാരക എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നാണ് അമ്പിളിയുടെ റിട്ടയർമെന്റ്.

അമ്പിളി പ്രിൻസിപ്പൽ ആയതിനുശേഷം മോടി പിടിപ്പിച്ച മുറ്റവും ചെറിയ ഗാർഡനും ഒക്കെയുള്ള സ്കൂൾ വളപ്പിലേക്കു ദീപാറാണിയും ഗാഥയും എന്നെ ഒളിച്ചു കടത്തി. യോഗം തുടങ്ങിക്കഴിഞ്ഞിരുന്നു. അമ്പിളിയെ കൂടാതെ ഹെഡ്മിസ്ട്രസ് രാധാമണി സി എസ് , മിനി ബി, സുപ്രിയ പി ബി എന്നിവരും വിരമിക്കുകയായിരുന്നു. രാധാമണി ടീച്ചറും ഞങ്ങളുടെ കുടുംബസുഹൃത്താണ്. എം‌ എസ്‌ ദിലീപിന്റെ പ്രിയപ്പെട്ട മോഹൻ ദാസ് സാറിന്റെ ഭാര്യ.

ഹാളിലേക്കു കടന്നപ്പോൾ ഞാൻ അമ്പിളിയെ മാത്രമേ കണ്ടുള്ളൂ. എന്നെ കണ്ടതും അമ്പിളി ഒന്നുകൂടി നോക്കി. പിന്നീട് ചിരിച്ചു. ഒരു സർപ്രൈസ് ഗസ്റ്റ് ഉണ്ടെന്നു പിടിഎ പ്രസിഡന്റ് നേരത്തെ അവളോടു പറഞ്ഞിരുന്നുവത്രേ. എങ്കിലും ഞാൻ സ്റ്റേജിലേക്കു ചെന്നപ്പോൾ അവൾ വികാരാധീനയായി. ഞാനും.

പ്രസംഗിക്കാൻ ക്ഷണിച്ചപ്പോൾ എനിക്കു ഞങ്ങളുടെ ഹോസ്റ്റൽ ജീവിതം ഓർമവന്നു. രണ്ടു വർഷം ഞങ്ങളുടെ ഒന്നിച്ചുള്ള യാത്രകൾ, ഞങ്ങൾ പറഞ്ഞ കഥകൾ, ഞങ്ങൾ ചിരിച്ച ചിരികൾ, എനിക്കുവേണ്ടി അവളും അവൾക്കുവേണ്ടി ഞാനും നടത്തിയ യുദ്ധങ്ങൾ… വ്യക്തിപരമായി ഞാൻ വലിയ സങ്കടങ്ങളിൽ മുങ്ങിപ്പൊങ്ങിയ കാലമായിരുന്നു. കുടുംബഛിദ്രം, സാമ്പത്തികപ്രയാസം, ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം… അന്നു ഞാൻ കരയുമ്പോൾ അമ്പിളി കൂടെക്കരഞ്ഞു. എന്റെ കണ്ണീരു തുടച്ചു തന്നു. എന്നെ പിന്നെയും ചിരിപ്പിച്ചു. പിൽക്കാലത്തും എനിക്കൊപ്പംനിന്നു. എന്നെ വിശ്വസിച്ചു. അമ്പിളി തന്ന സ്നേഹത്തിനെന്തു പകരംനൽകാൻ ? അന്നത്തെക്കാൾ അധികം സ്നേഹമല്ലാതെ?

–ഈ വിഡിയോ ദീപാറാണിയാണ് അയച്ചുതന്നത്.

അമ്പിളിക്ക് ഒരു മാറ്റവുമില്ല. ചിന്നാളപ്പെട്ടി സാരിയുടെയും മുല്ലപ്പൂമാലയുടെയും ഇളയരാജ- എസ് പി ബി – എസ് ജാനകി ഗാനങ്ങളുടെയും കാലത്തെ അതേ അമ്പിളി.

അവളെന്നെ പിന്നെയും ഗാന്ധിഗ്രാമിൽ എത്തിക്കുന്നു. ഹോസ്റ്റൽ ടെറസിൽ‌ ഇരിക്കുമ്പോൾ വളപ്പിനപ്പുറം പൂക്കളുടെ പാടങ്ങൾ തെളിയുന്നു. തെക്ക് അരികെയുള്ള സിറുമലൈയിൽനിന്നും വടക്ക് അകലെയുള്ള കൊടൈ മലയിൽനിന്നും ഇറങ്ങി വരുന്ന കാറ്റുകൾ ഏറെക്കാലത്തിനുശേഷം കണ്ടുമുട്ടിയ കൂട്ടുകാരികളെപ്പോലെ പരസ്പരം കെട്ടിപ്പിടിക്കുന്നു.

അന്തിമയങ്ങുന്നു. പാടങ്ങൾക്കിടയിലെ പാളത്തിലൂടെ വയറ്റിൽ വിളക്കുകളുള്ള ഭീമൻ ഷഡ്പദമായി ഒരു പാസഞ്ചർ തീവണ്ടി കുതിച്ചുപായുന്നു.

കാലത്തിന്റെ തീവണ്ടി.

ഞാനും അമ്പിളിയും ഇപ്പോഴും ആ ടെറസിൽ പരസ്പരം ചാരിയിരിക്കുന്നു.