“അമേരിക്കൻ പ്രതികാര ചുങ്കം കാർഷിക വ്യാവസായിക മേഖലകളെ പ്രതിസന്ധിയിലാക്കും:ടി ജെ ആഞ്ചലോസ് “
പെരുമ്പാവൂർ :അമേരിക്കൻ പ്രതികാര ചുങ്കം കാർഷിക വ്യവസായിക മേഖലകളെ പ്രതിസന്ധിയിലാക്കുമെന്ന് എ ഐ ടി യു സി സംസ്ഥാന പ്രസിഡൻ്റ് ടി ജെ ആഞ്ചലോസ് പ്രസ്താവിച്ചു. ലോക തൊഴിലാളി പ്രസ്ഥാനമായ ഡബ്ലിയു എഫ് ടി യു വിൻ്റെ എൺപതാമത് വാർഷീക ആഘോഷത്തോടനുബന്ധിച്ച് എ ഐ ടി യു സി എറണാകുളം ജില്ലാ കൗൺസിൽ സംഘടിപ്പിച്ച സമ്മേളനം പെരുമ്പാവൂരിൽഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൻ്റെ കാർഷിക മേഖലയിലും സമുദ്രോൽപ്പന്ന , കയർ, കശുവണ്ടി മേഖലകളിലും ഇതിൻ്റെ പ്രത്യാഘാതം ആരംഭിച്ചതായി അദ്ദേഹം ചൂണ്ടി കാണിച്ചു.
യുദ്ധകൊതി പൂണ്ട കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലായ അമേരിക്കൻ ഭരണ കൂടത്തിൻ്റെ നിലപാടുകൾ പാലസ്റ്റീൻ വിഷയത്തെ കൂടുതൽ സങ്കീർണ്ണമാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ തൊഴിൽ സമയം വർദ്ധിപ്പിക്കണമെന്ന പിടിവാശിക്കൊപ്പം
പ്രകൃതി സമ്പത്ത് പൂർണ്ണമായും കയ്യടക്കുവാനുള്ള നീക്കമാണ് കോർപ്പറേറ്റുകൾ നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. സമ്മേളനത്തിൽ എ.ഐ.റ്റി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ ഗോപി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി എൻ അരുൺ എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ രാജേഷ് കാവുങ്കൽ, എം.ടി നിക്സൺ , സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ രമേഷ് ചന്ദ്, കെ.എ മൈതീൻ പിള്ള കെ.പി റെജിമോൻ, എം.പി സന്തോഷ് എന്നിവർ പ്രസംഗിച്ചു





