എഐവൈഎഫ് ദേശീയ സമ്മേളനത്തിന് തുടക്കമായി.
തിരുപ്പതി: സാമ്പത്തികവും വർഗീയവും ആയ ഭീഷണികൾ നേരിടുന്നതോടൊപ്പം രാജ്യത്തിന്റെ ഭരണകൂടം സ്വേച്ഛാധിപത്യമായി മാറുന്നു എന്ന വലിയ അപകടം കൂടി ഇന്ത്യയുടെ വർത്തമാനകാല രാഷ്ട്രീയം നേരിടുന്നുണ്ടെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു.
എഐവൈഎഫ് പതിനേഴാമത് ദേശീയ സമ്മേളനത്തിന് തുടക്കം കുറിച്ച് തിരുപ്പതിയിൽ ബാലമല്ലേഷ നഗറിൽ ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഭരണഘടനാപരമായ എല്ലാ സംവിധാനങ്ങളെയും തങ്ങളുടെ വരുതിയിൽ നിർത്തി രാജ്യത്തെ ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകാനുള്ള ഗൂഢശ്രമമാണ് ആർഎസ്എസ് നടത്തുന്നത്.ഈ അപകടത്തെ മുൻകൂട്ടി കണ്ടാണ് സിപിഐ വളരെ കാലം മുമ്പ് തന്നെ ഇന്ത്യയിൽ തെരഞ്ഞെടുപ്പ് പരിഷ്കരണം അനിവാര്യമാണ് എന്ന നിലപാട് സ്വീകരിച്ചത്. സിപിഐ ഉൾപ്പെടെയുള്ള ഇടതുപാർട്ടികളും പുരോഗമന പ്രസ്ഥാനങ്ങളും മുന്നോട്ടു വയ്ക്കുന്ന തെരഞ്ഞെടുപ്പ് പരിഷ്കരണത്തെ കുറിച്ച് സജീവമായി ചർച്ച ഉയർന്നുവരേണ്ടതുണ്ട്. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഇന്ദ്രജിത് ഗുപ്ത സമർപ്പിച്ച തെരഞ്ഞെടുപ്പ് പരിഷ്കരണ റിപ്പോർട്ട് ഇക്കാര്യത്തിൽ രാജ്യത്തിന്റെ മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ഡോ. കെ നാരായണ, ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപി, ആന്ധ്രാപ്രദേശ് സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ, പ്രശസ്ത സിനിമാ സംവിധായകൻ വന്ദേമാതരം ശ്രീനിവാസ്, എഐവൈഎഫ് ദേശീയ പ്രസിഡന്റ് സുഖ്ജിന്ദർ മഹേശരി, ദേശീയ ജനറൽ സെക്രട്ടറി ആർ തിരുമലൈ, എഐഎസ്എഫ് ദേശീയ ജനറൽ സെക്രട്ടറി ദിനേശ് ശ്രീരംഗരാജ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന റാലിയില്‍ ആയിരക്കണക്കിന് യുവാക്കള്‍ പങ്കെടുത്തു.
കാനം രാജേന്ദ്രന്‍ നഗറില്‍ വച്ച് ഇന്ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം
മുന്‍ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് ജാസ്തി ചെലമേശ്വര്‍ ഉദ്ഘാടനം ചെയ്യും. 18ന് സമ്മേളനം സമാപിക്കും. 700 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നും 114 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
