Home / National News / New Delhi / Politics / “ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ചെന്ന്:കെ സുധാകരന്‍”

“ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ചെന്ന്:കെ സുധാകരന്‍”

വക്കഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്നു വ്യക്തമായതോടെ ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ പരിഹരിക്കാവുന്ന മുനമ്പം വിഷയത്തില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിച്ചോടുകയും ബിജെപിയുടെ പ്രഭാരിയായി അദ്ദേഹം മാറുകയും ചെയ്തു.മുസ്ലീംകളുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുക എന്നതാണ് വക്കഫ് ബില്ലിന്റെ ലക്ഷ്യമെന്ന് ഇപ്പോള്‍ വളരെ വ്യക്തമാണ്. നേരത്തെ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയ ഇക്കാര്യം ഇപ്പോള്‍ ശരിയാണെന്നു തെളിഞ്ഞു. ഇന്ന് ഇത് മുസ്ലീംകള്‍ക്കെതിരേ ആണെങ്കില്‍ നാളെ മറ്റു സമുദായങ്ങള്‍ക്കെതിരേ ആയിരിക്കും. ക്രിസ്ത്യന്‍ ചര്‍ച്ച് ബില്‍ പോലുള്ള നിയമങ്ങളും ബിജെപിയുടെ പരിഗണനയിലാണ്.

മധ്യപ്രദേശിലെ ജബല്‍പൂരില്‍ പള്ളികളിലേക്ക് തീര്‍ത്ഥാടനം നടത്തിയ ക്രിസ്ത്യന്‍ വൈദികര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ബജ്റംഗ്ദള്‍ ആക്രമിച്ചത്. അവര്‍ക്കെതിരേ നടപടി എടുക്കാന്‍ പോലും സാധിച്ചില്ല. മണിപ്പൂരില്‍ ഇത്രയും വലിയ വംശഹത്യ നടന്നിട്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കാഴ്ചക്കാരായി നിന്നു. ഗ്രഹാം സ്റ്റെയിനില്‍ തുടങ്ങിയ ആക്രമണങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. കോണ്‍ഗ്രസ് മാത്രമാണ് ഇവരോടൊപ്പം അണിനിരന്നതെന്ന് എല്ലാവരും ഓര്‍ക്കണം. സംഘപരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധ മതഭ്രാന്തിന് മുന്നില്‍ ബിജെപി ഭരണകൂടം നിശബ്ദമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.ബിജെപിയുടെ ലക്ഷ്യം കോണ്‍ഗ്രസ് മുക്ത ഭാരതം എന്നതുപോലെ ന്യൂനപക്ഷ മുക്ത ഭാരതം എന്നതാണ്. അതിലേക്കുള്ള ചവിട്ടുപടിയാണ് വക്കഫ് ബില്‍ പോലുള്ള നിയമങ്ങള്‍. ഇത് ഇന്ത്യന്‍ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരാണ്. ഒടുവില്‍ അവര്‍ എന്നെ തേടി വന്നപ്പോള്‍ എനിക്കുവേണ്ടി സംസാരിക്കാന്‍ ആരുമില്ലായിരുന്നു എന്ന മാര്‍ട്ടിന്‍ നീമൊളെറുടെ പ്രസിദ്ധമായ വാക്കുകളാണ് നാമെല്ലാം ഓര്‍ക്കേണ്ടതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.