Home / National News / New Delhi / 114 വയസുള്ള മാരത്തോൺ ഓട്ടക്കാരൻ ഫൗജ സിംഗിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ഒരാൾ അറസ്റ്റിൽ, കാറും പിടിച്ചെടുത്തു

114 വയസുള്ള മാരത്തോൺ ഓട്ടക്കാരൻ ഫൗജ സിംഗിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ഒരാൾ അറസ്റ്റിൽ, കാറും പിടിച്ചെടുത്തു

ജലന്ധർ: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ മാരത്തൺ ഓട്ടക്കാരനെന്ന് അറിയപ്പെട്ടിരുന്ന ഫൗജ സിംഗിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കനേഡിയൻ പൗരനായ അമൃത്പാൽ സിംഗ് ധില്ലൻ ആണ് അറസ്റ്റിലായത്. ഇടിച്ചിട്ട് നിർത്താതെ പോയ ഇയാളുടെ കാറും കണ്ടെടുത്തിട്ടുണ്ട്.

 

തിങ്കളാഴ്ചയാണ് ജലന്ധറിൽ വെച്ച് റോഡ് മുറിച്ച് കടക്കവേ ഫൗജ സിംഗിനെ കാർ ഇടിച്ച് ഗുരുതര പരിക്കേറ്റത്. ആശുപത്രിയിൽ എത്തിച്ചതിമന് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രമുഖ മാരത്തൺ ഓട്ടക്കാരൻ ആയിരുന്നു 114 വയസുള്ള ഫൗജ സിംഗ്. പ്രധാനമന്ത്രി അടക്കം ഫൗജ സിംഗിന്റെ മരണത്തിൽ അനുശോചനം അറിയിച്ചിരുന്നു.

 

1911 ഏപ്രിൽ ഒന്നിന് പഞ്ചാബിൽ ജനിച്ച ഫൗജ സിംഗ് 89-ാം വയസ്സിലാണ് ആദ്യമായി മാരത്തൺ മത്സരത്തിൽ പങ്കെടുത്തത്. മകന്റെ മരണത്തിൽനിന്ന് ഉണ്ടായ ദുഃഖം മറികടക്കാനാണ് അദ്ദേഹം ഓടിത്തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. 100 വയസ്സിനു ശേഷം ഒരു ഫുൾ മാരത്തൺ പൂർത്തിയാക്കിയ ആദ്യ വ്യക്തിയായി ഫൗജ സിംഗ് വിശ്വസിക്കപ്പെടുന്നു. 2013-ൽ ഹോങ്കോങ് മാരത്തണിലായിരുന്നു അദ്ദേഹം അവസാനമായി മത്സരിച്ചത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായിരുന്നു ഫൗജ സിംഗിന്റെ ജീവിതം.