തിരുവനന്തപുരം: കേരളത്തിൽ അതിവേഗ യാത്രയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്നതാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ് ആദ്യ വന്ദേ ഭാരത് വന്നപ്പോൾ ട്രെയിൻ കാണാനുള്ള തിരക്ക് മാത്രമാണെന്നായിരുന്നു വിമർശകരുടെ വാദം. എന്നാൽ വന്ദേ ഭാരത് സർവീസ് തുടങ്ങി നാളുകളേറെയായിട്ടും രണ്ട് സെമി ഹൈസ്പീഡ് ട്രെയിനുകൾ ഓടാൻ തുടങ്ങിയിട്ടും തിരക്കിന് ഇപ്പോഴും ഒരു കുറവുമില്ല. ആദ്യ വന്ദേ ഭാരതിലെ കോച്ചുകളുടെ എണ്ണം 20 ഉയർത്തിയപ്പോഴും രണ്ടാം വന്ദേ ഭാരതിൽ സീറ്റുകളില്ലെന്ന വിമർശനം ശക്തമായിരുന്നു. ഇപ്പോഴിതാ ഇതിനും പരിഹാരമാവുകയാണ്. തിരുവനന്തപുരം – മംഗളൂരു വന്ദേ ഭാരതിൻ്റെ കോച്ചുകളുടെ എണ്ണവും 20 ആയി ഉയർത്തുകയാണെന്നാണ് റിപ്പോർട്ടുകൾ.ആലപ്പുഴ വഴി സർവീസ് നടത്തുന്ന തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരതിന് നിലവിൽ എട്ട് കോച്ചുകൾ മാത്രമാണുള്ളത്. ഈ ട്രെയിനിലെ കോച്ചുകളുടെ എണ്ണം ഉടൻ 20 ആയി ഉയർത്തും. ഇതോടെ 824 സീറ്റുകളാണ് ഒരു സർവീസിൽ ട്രെയിനിന് കൂടുതലായി ലഭിക്കുക. നിലവിൽ വെയ്റ്റിങ് ലിസ്റ്റിൽ കാത്തിരിക്കേണ്ടി വരുന്നവർക്ക് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് എത്തുന്നതോടെ സീറ്റുകൾ ലഭിക്കും.
