തിരുവനന്തപുരം:സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ (73) അന്തരിച്ചു. കാൻസർ രോഗബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളയമ്പലത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം.
ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയാണ് ഷാജി എൻ കരുൺ. 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു.കൊല്ലം ജില്ലയിൽ അഞ്ചാലും മൂട് കണ്ടചിറയിൽ എൻ. കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്തപുത്രനായി ജനനം. 1963 -ൽ കുടുംബം തിരുവന്തപുരത്തേക്ക് മാറി. പള്ളിക്കര സ്കൂൾ, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞു. 1971 ൽ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചേർന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി.
ആദ്യം സംവിധാനം ചെയ്ത മലയാള സിനിമ പിറവി ആണ്. രണ്ടാമത്തെ സിനിമ 1994 ൽ സ്വം ആയിരുന്നു. 1999 ൽ ഇറങ്ങിയ വാനപ്രസ്ഥം വളരെ ശക്തമായ പ്രമേയമുള്ള മറ്റൊരു ചിത്രമായിരുന്നു.
