തൃശ്ശൂർ:ഈ വർഷത്തെ പൂരം മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ഡിജിപിയുടെ നേതൃത്വത്തിൽ തൃശ്ശൂരിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേർന്നു. വെടിക്കെട്ട് നടക്കുന്ന തെക്കിൻകാട് മൈതാനിയും ഡിജിപി ഷെയ്ക് ദർവേഷ് സാഹിബ് സന്ദർശിച്ചു. പെഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരത്തിന് സുരക്ഷ കൂട്ടിയതായി ഡിജിപി പറഞ്ഞു. അതിനിടെ പൂരം കാണാൻ മുഖ്യമന്ത്രിയെ തിരുവമ്പാടി ദേവസ്വം നേരിട്ട് ക്ഷണിച്ചു.
കഴിഞ്ഞവർഷം തൃശ്ശൂർ പൂരം വെടിക്കെട്ട് സംബന്ധിച്ചുണ്ടായ പ്രശ്നങ്ങളുടെ പ്രശ്നത്തിൽ പഴുതടച്ചുള്ള സുരക്ഷാക്രമീകരണങ്ങളും മുന്നൊരുക്കങ്ങളുമാണ് പോലീസും ജില്ലാ ഭരണകൂടവും നടത്തുന്നത്. ഇതിൻറെ ഭാഗമായാണ് ഡിജിപിയുടെ നേതൃത്വത്തിൽ തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്. പൂരം നടത്തിപ്പിനായിരത്തിലധികം പോലീസുകാരെ വിന്യസിപ്പിക്കും. പെഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കമാൻഡോമാരെ അടക്കം നിയോഗിച്ച സുരക്ഷ വർദ്ധിപ്പിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
രാവിലെ തെക്കിൻകാട് മൈതാനിയിൽ വെടിക്കെട്ടിന്റെ ഫയർ ലൈനായി നിശ്ചയിച്ച മേഖലയും, പൂരം വരുന്ന മേഖലകളും ഡിജിപിയുടെ നേതൃത്വത്തിൽ പരിശോധിച്ചു. അതിനിടെ മുഖ്യമന്ത്രിയെ പൂരം കാണാൻ തിരുവമ്പാടി ദേവസ്വം നേരിട്ട് ക്ഷണിച്ചു. പൂരം കാണാൻ വരുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും ,നല്ല രീതിയിൽ പൂരം നടക്കുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും
തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ. സുന്ദർ മേനോൻ പറഞ്ഞു.
തൃശ്ശൂർ പൂരം കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയേക്കും എന്നാണ് ഓഫീസിൽനിന്ന് ലഭിക്കുന്ന വിവരം. മെയ് ആറിനാണ് തൃശ്ശൂർ പൂരം.
