Home / Kerala News / Thiruvananthapuram / 817.80 കോടി രൂപയുടെ വി ജി എഫ് കരാറിൽ ഒപ്പ് വച്ച് കേരളവും-കേന്ദ്രവും

817.80 കോടി രൂപയുടെ വി ജി എഫ് കരാറിൽ ഒപ്പ് വച്ച് കേരളവും-കേന്ദ്രവും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയിലെ നിർണായകമായ രണ്ട് കരാറുകളിൽ സംസ്ഥാനവും കേന്ദ്രവും ഒപ്പ് വച്ചു.

മസ്കറ്റ് ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വിജിഎഫ്) ആയി ലഭിക്കുന്നതിനുള്ള കരാറിൽ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ഒപ്പ് വച്ചു. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈ. ലി. കമ്പനിയും ബാങ്ക് കൺസോർഷ്യവുമായുള്ള ത്രികക്ഷി കരാറാണ് ആദ്യത്തേത്.

തുറമുഖ വരുമാനത്തിന്റെ 20% കേന്ദ്ര സർക്കാരുമായി പങ്കിടുന്ന രണ്ടാമത്തെ കരാറിൽ കേരള ചീഫ് സെക്രട്ടറി ശാരദാ മുരളിധരൻ ഒപ്പുവച്ചു.

“ലോക ഭൂപടത്തിൻ്റെ ഉന്നതങ്ങളിൽ ഇതിനോടകം വിഴിഞ്ഞമെത്തിക്കഴിഞ്ഞിരിക്കുന്നു” എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 2028-ൽ വിഴിഞ്ഞത്തെ കണക്റ്റ് ചെയ്തു കൊണ്ടുള്ള റോഡ്, റെയിൽ കണക്ടിവിറ്റി പൂർത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖ പദ്ധതി പൂർണമായും ലക്ഷ്യത്തിലെത്തുമെന്നും ഇതിനായുള്ള നടപടികൾ യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും, സംസ്ഥാന സർക്കാരിൻ്റെയും, അദാനി പോർട്‌സിൻ്റെയും പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

തുറമുഖം വികസിപ്പിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് (എവിപിപിഎൽ) നാണ് 817.80 കോടി രൂപ അനുവദിച്ചിരിക്കുന്നത്.

വരുമാനത്തിന്റെ ഒരു ഭാഗം കേന്ദ്രവുമായി പങ്കിടാനുള്ള തീരുമാനത്തിന് മന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയിരുന്നു. തുറമുഖത്തിന്റെ ആദ്യ ഘട്ടവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഔപചാരിക പൂർത്തീകരണവും ഈ കരാർ അടയാളപ്പെടുത്തുന്നു.

സംസ്ഥാനത്തിന് താല്പര്യങ്ങളും, ഉയർന്ന വരുമാനവും ഉറപ്പാക്കുന്നതാണ് പുതിയ കരാർ. തുറമുഖത്തിന്റെ പ്രവർത്തനത്തിന്റെ പതിനഞ്ചാം വർഷം മുതൽ വരുമാനത്തിന്റെ വിഹിതം എന്നതിന് പകരം 2034 മുതൽ തന്നെ പുതിയ കരാറിലൂടെ സംസ്ഥാനത്തിന് വരുമാനം ലഭിക്കാൻ തുടങ്ങും. അവസാന നാല് ഘട്ടങ്ങളും 2028 ഡിസംബറോടെ പൂർത്തിയാക്കും. മുൻ കരാർ പ്രകാരം 2045 ആണ് പദ്ധതി പൂർത്തികരണത്തിനായി നിശ്ചയിച്ചിരുന്നത്. രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ വികസനത്തിന് ചെലവാകുമെന്ന് കണക്കാക്കപ്പെടുന്ന 10,000 കോടി രൂപ പൂർണ്ണമായും അദാനി വിഴിഞ്ഞം പോർട്ട് (എവിപിപിഎൽ) വഹിക്കും.

പഴയ കരാറിൽ പറഞ്ഞിരുന്ന 1 ദശലക്ഷം ടി. ഇ.യുവുകളുടെ മൂന്നിരട്ടി ശേഷി (3 ദശലക്ഷം ടി. ഇ. യു) യോടെയാണ് പുതിയ കരാർ പ്രകാരം പദ്ധതി പൂർത്തിയാകുക. തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം ടിയുഇ ആയിരിക്കും.

അടുത്ത മൂന്ന് വർഷംകൊണ്ടുള്ള ഈ വൻ നിക്ഷേപം, ജിഎസ്ടി, റോയൽറ്റി, നിർമ്മാണ സാമഗ്രികളുടെ നികുതി, ഇതര നികുതികൾ എന്നിവയിലൂടെ സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വിഴിഞ്ഞം തുറമുഖ പദ്ധതി അതിന്റെ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ, അന്താരാഷ്ട്ര സമുദ്ര വ്യാപാരത്തിന്റെ നിർണായക കവാടമായി കേരളവും മാറുന്നു.