വയനാട്:പുൽപ്പള്ളി അമരക്കുനി പ്രദേശത്ത് വീണ്ടും കടുവ ആക്രമണം. പായിക്കണ്ടത്തിൽ ബിജുവിന്റെ ആടിനെ കടുവ ആക്രമിച്ചുകൊന്നു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്. വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. അമരക്കുനി മേഖലയിൽ ആക്രമിക്കപ്പെടുന്ന നാലാമത്തെ ആട് ആണ്. കടുവയെ രാത്രി തന്നെ കൂട്ടിലാക്കാന്‍ ശ്രമം തുടരുന്നു. ഡ്രോണുകളുടെ സഹായത്തോടെ കടുവയുടെ നീക്കം നിരീക്ഷിക്കുകയാണ്. ഇന്ന് വൈകീട്ടാണ് പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉറപ്പിച്ചത്.
മയക്കുവെടി വയ്ക്കാനുള്ള കാത്തിരിപ്പിലാണ് വനംവകുപ്പ് സംഘം. പ്രദേശത്ത് നാലിടത്തായി കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. രാത്രി കടുവ ഇരതേടി കൂട്ടിന് അടുത്തേക്ക് വരുകയാണെങ്കില്‍ മയക്കുവെടി വയ്ക്കും. റോഡില്‍ ഗതാഗതം നിര്‍ത്തിവച്ചിട്ടുണ്ട്. നാട്ടുകാരും ജാഗ്രതയിലാണ്.
ഏതുവിധേനയും കടുവയെ പിടികൂടാനുള്ള ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് ആടുകളെയാണ് കടുവ കൊന്നത്. ഇതിൽ ഒരു ആടിനെ മാത്രമാണ് പൂർണമായി ഭക്ഷിച്ചത്. കൂട്ടില്‍ കടുവ കയറിയെങ്കിലും അകത്ത് കടക്കുംമുന്‍പ് വാതില്‍ അടഞ്ഞതോടെയാണ് ശ്രമം പാഴായത്. കേരളത്തിലെ കടുവയല്ല ഇത് എന്ന കണക്കുകൂട്ടലാണ് വനംവകുപ്പിനുള്ളത്
