Home / Kerala News / Thiruvananthapuram / “ലഹരി വിരുദ്ധ സന്ദേശവുമായി കെ.എൻ.എം ഈദ്ഗാഹുകൾ”

“ലഹരി വിരുദ്ധ സന്ദേശവുമായി കെ.എൻ.എം ഈദ്ഗാഹുകൾ”

വർക്കല : കേരള നദുവത്തുൽ മുജാഹിദീൻ, (കെഎൻഎം) സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി വിവിധയിടങ്ങളിൽ സംഘടിപ്പിച്ച ഈദ്ഗാഹുകളിൽ സ്ത്രീകളടക്കം നിരവധി വിശ്വാസികളാണ് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് നാടിന് മാതൃകയായത്. ഈദ് നമസ്കാരത്തിന് ശേഷം ഇമാമുമാർ ലഹരിവിരുദ്ധ സന്ദേശം നൽകി. ലോകത്തെ വിവിധയിടങ്ങളിൽ യുദ്ധക്കെടുതികളിലും പ്രകൃതി ദുരന്തങ്ങളിലും ദുരിതമനുഭവിക്കുന്നവർക്കായി ഈദ്ഗാഹുകളിൽ പ്രത്യേക പ്രാർത്ഥന നടത്തി.
കെഎൻഎം വടശ്ശേരിക്കോണം യൂണിറ്റിന്റെയും സലഫി മസ്ജിദ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ആലുംമൂട് സ്പോർട്സ് ഹബ്ബ് ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ ഈദ്ഗാഹിൽ ഈദ് നമസ്കാരത്തിനും ഖുതുബയ്ക്കും സലഫി മസ്ജിദ് ചീഫ് ഇമാം ഷാഹുൽഹമീദ് അൻവരി നേതൃത്വം നൽകി.ഓടയം കെഎൻഎം യൂണിറ്റിന്റെയും നദുവത്തുൽ മുസ്ലിമീൻ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓടയം ആസാദ് സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന ഈദ് പ്രാർത്ഥനയ്ക്ക് സലഫി മസ്ജിദ് ചീഫ് ഇമാം സുൽഫി സ്വലാഹി നേതൃത്വം നൽകി.
കെഎൻഎം കല്ലമ്പലം യൂണിറ്റിന്റെയും സലഫി മസ്ജിദ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കൈരളി ജ്വല്ലേഴ്സിന് സമീപം പ്രത്യേകം തയ്യാറാക്കിയ ഈദ്ഗാഹിൽ ഈദ് നമസ്കാരത്തിനും ഖുതുബയ്ക്കും ഹാഫിള് ശാക്കിർ ഹുസൈൻ മൗലവി നേതൃത്വം നൽകി.
ആറ്റിങ്ങൽ സലഫി മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീപാദം സ്റ്റേഡിയം മൈതാനത്ത് നടന്ന ഈദ് പ്രാർത്ഥനയ്ക്ക് സലഫി മസ്ജിദ് ചീഫ് ഇമാം മാഹിൻ മൗലവി നേതൃത്വം നൽകി.
റമദാൻ റിലീഫ്‌ പ്രവർത്തനങ്ങളുടെ ഭാഗമായി ഫിത്വർ സക്കാത്ത് ഭക്ഷ്യകിറ്റുകൾ അർഹരായവർക്ക് വീടുകളിൽ എത്തിച്ചു നൽകി. സക്കാത്തിന്റെ ഭാഗമായി കേന്ദ്രീകൃതമായി സ്വരൂപിച്ച സാമ്പത്തിക വിഹിതം നിർധനർക്കായുള്ള ജീവനോപാധികൾക്കും, ചികിത്സ സഹായത്തിനും നൽകി. പൂർണ്ണമായും ഹരിത ചട്ടം പാലിച്ചുകൊണ്ടാണ് ഇഫ്താറുകൾ നടത്തിയതെന്നും ഭാരവാഹികൾ അറിയിച്ചു.