കൊല്ലം: കൊച്ചി പുറംകടലിൽ മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്നറുകളിൽ ഒന്ന് കരുനാഗപ്പള്ളി ചെറിയഴീക്കൽ തീരത്തടിഞ്ഞു. കണ്ടെയ്നർ കടൽ ഭിത്തിയിൽ ഇടിച്ചു നിൽക്കുന്ന നിലയിലാണ് രാത്രിയോടെ കണ്ടെത്തിയത്. ചവറ തീരത്തേക്ക് മറ്റു മൂന്ന് കണ്ടെയ്നറുകൾ എത്തിയതായും റിപ്പോർട്ട് വന്നിട്ടുണ്ട്. ഒരു കണ്ടെയ്നർ ഇവിടെ തീരത്തടിഞ്ഞു. മറ്റുരണ്ടെണ്ണം കടലിൽ ഒഴുകിനടക്കുന്ന നിലയിലാണ്.വലിയ ശബ്ദംകേട്ടെത്തിയ നാട്ടുകാരാണ് ചെറിയഴീക്കൽ സിഎഫ്‌ഐ ഗ്രൗണ്ടിനു സമീപം കടലിൽ കണ്ടെയ്‌നർ കണ്ടത്. ജനവാസ മേഖലക്ക് അടുത്താണ് കണ്ടെയ്നർ അടിഞ്ഞത്. സമീപവാസികളോട് വീടുകളിൽ നിന്ന് മാറാണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഒഴിഞ്ഞ കണ്ടെയ്നറാണ് തീരത്ത് അടിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യത്തിൽ സ്ഥിരീകരണം വരേണ്ടതുണ്ട്.കളക്ടർ എൻ ദേവിദാസ്, സിറ്റി പോലീസ് കമ്മിഷണർ കിരൺ നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
