Home / Kerala News / ഓണററി ഡോക്ടേറ്റ് ലഭിക്കുന്ന ആദ്യത്തെ പോലീസുകാരനാണ് അനീഷ് ശിവാനന്ദ്.

ഓണററി ഡോക്ടേറ്റ് ലഭിക്കുന്ന ആദ്യത്തെ പോലീസുകാരനാണ് അനീഷ് ശിവാനന്ദ്.

ബീറ്റ് ഡ്യൂട്ടിക്കിടയിൽ സിവിൽ പോലീസ് ഓഫീസർ ഡോ. അനീഷ് ശിവാനന്ദ് കണ്ടെത്തിയത് രണ്ട് മോഷണ വാഹനങ്ങൾ
കഴിഞ്ഞ ഞായറാഴ്ച റെയിൽവേയിലെ ബീറ്റ് ഡ്യൂട്ടിയായിരുന്നു തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ഡോ. അനീഷ് ശിവാനന്ദിന് സ്റ്റേഷൻ ഹൌസ് ഓഫീസർ നിർദ്ദേശിച്ചു നൽകിയത്. കഴിഞ്ഞ കുറെയധികം ദിവസങ്ങളായി വാഹന മോഷണം പെരുകുന്നതിനാൽ റെയിൽവെ സ്റ്റേഷൻ പരിസരങ്ങളിൽ ബീറ്റ് ഡ്യൂട്ടി ശക്തമാക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു.

ഡ്യൂട്ടിക്കായി രാവിലെ എത്തിയ സമയം തന്നെ അനീഷ് ശിവാനന്ദ് പ്രദേശത്തെ വാഹനങ്ങളെല്ലാം നടന്നു പരിശോധിക്കാൻ തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ പരിശോധനകൾക്കിടയിൽ റെയിൽവേ ഗുഡ്സ് ഷെഡിൻെറ ഭാഗത്ത് പൊടിപിടിച്ച് അശ്രദ്ധമായി പാർക്കുചെയ്ത ഒരു ബൈക്ക് ശ്രദ്ധയിൽപെട്ടു. പരിസരങ്ങളിൽ അന്വേഷിച്ചപ്പോൾ ദിവസങ്ങളായി ഈ വാഹനം അവിടെയുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ അനീഷ് ബൈക്കിൻെറ നമ്പർ മുഖേന ലഭിച്ച ഫോൺ നമ്പരിലൂടെ ബൈക്കിൻെറ ഉടമസ്ഥനെ ബന്ധപെടുന്നതിനായി ശ്രമിച്ചു. എന്നാൽ ഫോൺ നമ്പർ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് ആർ സി ഓണറിൻെറ അഡ്രസ്സിലുള്ള പഞ്ചായത്ത് ഏതെന്ന് കണ്ടെത്തി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ വെബ്സൈറ്റിൽ കയറി ആർ സി ഓണറുടെ അഡ്രസ്സിൽ ഉള്ള പഞ്ചായത്തിലും അതുവഴി ബന്ധപെട്ട് വിലാസം കാണപ്പെടുന്ന സ്ഥലത്തെ കൗൺസിലറേയും ബന്ധപ്പെട്ടു.

കൗൺസിലർ നൽകിയ വിവരമനുസരിച്ച് ആർസി ഓണറെ ഫോണിൽ വിളിച്ച് വിവരം അന്വേഷിച്ചപ്പോൾ ഈ മോട്ടോർ സൈക്കിൾ 12/6/2025 തീയതി പാലക്കാട് തൃത്താല പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കളവു പോയിട്ടുള്ളതാണെന്ന് അറിയാൻ കഴിഞ്ഞു. തുടർന്ന് തൃത്താല പോലീസിൽ വിവരമറിയിക്കുകയും തൃത്താല പോലീസ് മുഖേന വെസ്റ്റ് പോലീസിൽ നിന്നും ബൈക്ക് ഉടമസ്ഥന് കൈമാറുകയും ചെയ്തു.

അല്പസമയത്തിനു ശേഷം വേറൊരു ഭാഗത്തായി ഒരു ഓട്ടോറിക്ഷ അശ്രദ്ധമായി പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പരിശോധിച്ചപ്പോൾ ഓട്ടോറിക്ഷയുടെ പിൻ സീറ്റ് ഇളകിയ നിലയിലും മുന്നിൽ എന്തൊക്കെയോ കേബിളുകൾ കട്ട് ചെയ്ത നിലയിലും കാണപെട്ടപ്പോൾ സംശയം തോന്നി. സ്റ്റേഷനിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അല്പം മുൻപ് ഒരു വാഹനത്തിൻെറ ഫോട്ടോ കണ്ടതായി ഓർമ്മവന്ന ഉടൻ ഗ്രൂപ്പ് പരിശോധിക്കുകയും വാഹനം ഇതുതന്നെ എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഈ വാഹനം അന്തിക്കാട് പോലീസ് പരിധിയിൽ നിന്നും കളവ് പോയിട്ടുള്ളതാണ് എന്നായിരുന്നു ഗ്രൂപ്പിലെ മെസ്സേജിൽ ഉണ്ടായിരുന്നത്. ഉടൻതന്നെ ബന്ധപ്പെട്ട സ്റ്റേഷനിൽ അറിയിക്കുകയും അന്തിക്കാട് സ്റ്റേഷൻ മുഖേന വാഹനം കൈമാറുകയും ചെയ്തു. ഒരു ദിവസംതന്നെ രണ്ട് മോഷണ വാഹനങ്ങൾ കണ്ടെത്തിയ സന്തോഷത്തിലാണ് സിവിൽ പോലീസ് ഓഫീസറായ ഡോ. അനീഷ് ശിവാനന്ദ്.

ദേശീയ അന്തർദേശീയ റെക്കോർഡുകൾ വാരിക്കൂട്ടിയ പോലീസ് ഉദ്യോഗസ്ഥനാണ് അനീഷ് ശിവാനന്ദ്. മഹാഭാരതം എൻറയർ ബുക്ക് അഞ്ചര ലക്ഷം ശ്ലോകങ്ങൾ ഏഴുമാസംകൊണ്ട് മിറർ ഇമേജ് റൈറ്റിങ്ങിലൂടെ പൂർത്തീകരിച്ചതിന് യൂണി വേഴ്സൽ റെക്കോർഡ്സ് ഫോറം (യു ആർ എഫ്) ആദ്യം സ്പെയിനിൽ നിന്നും പിന്നീട് ഏഷ്യയിൽ നിന്നും റെക്കോർഡ് ലഭിക്കുകയും അതിനുശേഷം വേൾഡ് റെക്കോർഡും സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യയിലെ ലോക റെക്കോർഡ് ജേതാക്കളുടെ ആയിരത്തി നാനൂറോളം പേരുള്ള സംഘടനയായ ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് അസോസിയേഷൻ എന്ന സംഘടനയുടെ നാഷണൽ ബേസ് സെക്രട്ടറിയായും അനീഷ് ശിവാനന്ദ് തെരഞ്ഞെടുക്കപ്പട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച് ലോക റെക്കോർഡ് നേടിയവർക്ക് ലോകത്തിൽ ഒരു വർഷത്തിൽ അമ്പതുപേർക്കുമാത്രം നൽകുന്ന ഓണററി ഡോക്ടറേറ്റ് 2015 – 2016 വർഷത്തിൽ ലഭിച്ചതും അനീഷ് ശിവാനന്ദിനാണ്. കേരള പോലീസിൽ നിന്നും സർവ്വകലാശാല നൽകുന്ന ഓണററി ഡോക്ടേറ്റ് ലഭിക്കുന്ന ആദ്യത്തെ പോലീസുകാരനാണ് അനീഷ് ശിവാനന്ദ്.

കടപ്പാട് കേരള പോലീസ്.

Leave a Response