കോഴിക്കോട്:പേരാമ്പ്രയില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടയില്‍ ബസിടിച്ച് കൊല്ലപ്പെട്ട കോളേജ് വിദ്യാര്‍ത്ഥി അബ്ദുള്‍ ജവാദിന്റെ മരണത്തിനു കാരണക്കാരനായ ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്. സജീവും ജനറല്‍ സെക്രട്ടറി കെ.പി. ഗോപകുമാറും ആവശ്യപ്പെട്ടു. തൊട്ടില്‍ പാലത്തെ ജവാദിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ദുര്‍ബല വകുപ്പുകള്‍ ചുമത്തുന്നതു കാരണം നിയമ സംവിധാനത്തെ ഇവര്‍ നിരന്തരം വെല്ലുവിളിക്കുകയാണ്. സംഭവ സ്ഥലത്തു നിന്ന് പോലീസ് ബസ് കസ്റ്റഡിയിലെടുത്തുവെങ്കിലും പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഡൈവറുടെ പേരോ വാഹനത്തിന്റെ നമ്പരോ രേഖപ്പെടുത്താത്തത് ദുരൂഹമാണെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. അമിതമായ വേഗതയാണ് ജീവന്‍ അപഹരിച്ചത് എന്ന് വ്യക്തമാണ്. ബസിന്റെ അമിത വേഗതയില്‍ പല പ്രാവശ്യം യാത്രക്കാര്‍ പ്രതിഷേധിച്ചിട്ടും ഡ്രൈവര്‍ അതു പോലും പരിഗണിക്കാതെയാണ് ബസ് മത്സര ഓട്ടം നടത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്. മോട്ടോര്‍ വാഹനവകുപ്പും പോലീസും കൃത്യമായ ഇടപെടല്‍ നടത്തി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട ജാഗ്രത പുലര്‍ത്തണം എന്നും അവര്‍ ആവശ്യപ്പെട്ടു. മത്സര ഓട്ടത്തിന്റെ ഫലമായി നിരവധി ജീവനുകള്‍ നഷ്ടമാവാന്‍ ഇടയായ ബസിന്റെ പെര്‍മിറ്റ് സ്ഥിരമായി റദ്ദു ചെയ്യാനും നടപടി ഉണ്ടാവണം. വിവരങ്ങള്‍ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപി ക്കും ഗതാഗത വകുപ്പ് മന്ത്രിക്കും ആഭ്യന്തര,ഗതാഗത സെക്രട്ടറിമാര്‍ക്കും നിവേദനം നല്‍കുമെന്നും ജോയിന്റ് കൗണ്‍സില്‍ നേതാക്കള്‍ അറിയിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.ഷിജുവും ഒപ്പമുണ്ടായിരുന്നു.
