Home / Kerala News / Thiruvananthapuram / പ്രവാസ ജീവിതത്തിന് ബ്രേക്ക്; റോയി തോമസ് സിനിമയിലെ തിരക്കിലാണ്.

പ്രവാസ ജീവിതത്തിന് ബ്രേക്ക്; റോയി തോമസ് സിനിമയിലെ തിരക്കിലാണ്.

തിരുവനന്തപുരം: ഹിറ്റു ചിത്രങ്ങളില്‍ ഇടം തേടി മലയാളസിനിമയില്‍ ശ്രദ്ധേയനാവുകയാണ് പ്രവാസി മലയാളി റോയി തോമസ്. രേഖാചിത്രം, മഹാറാണി, മുംബൈ ടാക്കീസ്, ഓട്ടംതുള്ളല്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു തിളങ്ങുകയാണ് റോയി തോമസ്. ചെറിയ വേഷങ്ങളാണെങ്കില്‍ പോലും മലയാളത്തിലെ ഒട്ടുമിക്ക ചിത്രങ്ങളിലും അഭിനയിക്കാന്‍ റോയി തോമസിന് അവസരം ലഭിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതലേ നാടകത്തോടും , സിനിമയോടുമുള്ള പാഷനാണ് റോയിയെ സിനിമയിലേക്ക് എത്തിച്ചത്. ആലുവ കൊടികുത്തിമല സ്വദേശിയായ റോയി 2016 മുതല്‍ സിനിമയിലുണ്ട്. ഇതിനിടെ ജോലിയുടെ ഭാഗമായി ഓസ്ട്രേലിയയിലേക്ക് പോയി. അവിടെ അദ്ദേഹം നേഴ്സായി പ്രവര്‍ത്തിച്ചുവരുകയാണ്. ഓസ്ട്രേലിയയില്‍ സ്ഥിരതാമസമായ റോയി അവിടത്തെ പൗരത്വവും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ തിരക്കായതോടെ ഓസ്ട്രേലിയന്‍ ജീവിതത്തിന് ബ്രേക്ക് നല്‍കി അദ്ദേഹം സിനിമയില്‍ സജീവമായിരിക്കുകയാണ്.

 

WhatsApp-Image-2025-07-21-at-22.10.25 പ്രവാസ ജീവിതത്തിന് ബ്രേക്ക്; റോയി തോമസ് സിനിമയിലെ തിരക്കിലാണ്.സിനിമയോടുളള പാഷനാണ് തന്നെ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് സിനിമയില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതെന്ന് റോയി തോമസ് പറഞ്ഞു. വര്‍ഷങ്ങളായി ചലച്ചിത്ര നാടക രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നതിനാല്‍ ധാരാളം സുഹൃത്തുക്കള്‍ സിനിമയിലുണ്ട്. അതുകൊണ്ടുതന്നെ പുതിയ ചിത്രങ്ങളിലൊക്കെ അവസരം കിട്ടുന്നുണ്ട്. ചെറിയ വേഷങ്ങളാണെങ്കിലും പ്രേക്ഷകരുടെ മനസ്സില്‍ ഇടം തേടുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും റോയി പറയുന്നു. റിലീസിന് ഒരുങ്ങുന്ന ഒട്ടുമിക്ക ചിത്രങ്ങളിലും റോയി അഭിനയിക്കുന്നുണ്ട്. പുതിയ ചിത്രങ്ങളുടെ തിരക്കിലുമാണ് അദ്ദേഹം. സിനിമയെ ഏറെ സ്നേഹിക്കുന്ന റോയി തോമസിനെപ്പോലുള്ളവരുടെ ആഗ്രഹവും സ്വപ്നങ്ങളുമാണ് നല്ല സിനിമകളുടെ പിറവികള്‍ക്ക് പിന്നിലും ഉണ്ടാകുന്നത്.

പി.ആർ. സുമേരൻ.

Leave a Response