കൊല്ലം :മുൻ ധനകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ സി വി പത്മരാജൻ (94) അന്തരിച്ചു. കെ കരുണാകരൻ എ.കെ ആന്റണി എന്നിവരുടെ മന്ത്രിസഭകളിൽ അംഗമായിരുന്നു. വൈകുന്നേരം 6:15 ന് കൊല്ലത്തെ മെഡിസിറ്റി ആശുപത്രിയിൽ വെച്ചാണ് അദ്ദേഹം അന്തരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്
ചികിത്സയിലിരിക്കെയാണ് അന്ത്യം.
ധനകാര്യം, വൈദ്യുതിഅടക്കം സുപ്രധാന വകുപ്പുകൾകൈകാര്യം ചെയ്‌തു. മന്ത്രിസ്ഥാനം
രാജിവച്ചാണ് കെ.പി.സി.സിഅധ്യക്ഷനായത്. കെ. കരുണാകരൻവിദേശത്ത് ചികിത്സയ്ക്ക് പോയപ്പോൾമുഖ്യമന്ത്രിയുടെ ചുമതലയുംവഹിച്ചു. സി.വി പദ്‌മരാജൻ പാർട്ടി
അധ്യക്ഷനായിരുന്നപ്പോഴാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്
സ്ഥലംവാങ്ങിയത്.ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി രാഷ്ട്രീയ പ്രവർത്തന രംഗത്തേക്ക് വന്ന പദ്‌മരാജൻ കൊല്ലം ഡിസിസിയുടെ വൈസ് പ്രസിഡന്റും പ്രസിഡന്റുമായി പ്രവർത്തിച്ചു. വിദ്യാർഥിയായിരിക്കുമ്പോൾ കോൺഗ്രസിൽ ചേർന്ന പദ്മരാജൻ വഹിക്കാത്ത പദവികൾ ചുരുക്കമായിരുന്നു. അധ്യാപകനായും അഭിഭാഷകനായും പ്രവർത്തിക്കുമ്പോൾ സജീവ രാഷ്ട്രീയം നിലനിർത്തിയിരുന്നു. 1982-ൽ നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾതന്നെ കരുണാകരൻ മന്ത്രിസഭയിൽ അംഗമായി. സാമൂഹികവികസനം, ഫിഷറീസ് വകുപ്പുകളുടെ ചുമതല വഹിച്ചു. 1983-ൽ മന്ത്രിപദം രാജിവെച്ച് കെ.പി.സി.സി. പ്രസിഡന്റായി. കുറച്ചുനാൾ മുഖ്യമന്ത്രിയുടെ ചുമതലകൂടി ലഭിച്ചു. 1991-ൽ വൈദ്യുതി, കയർവകുപ്പുകളുടെയും പിന്നീട് ധനകാര്യവകുപ്പിന്റെയും ചുമതലയുള്ള മന്ത്രിയായി. 1994-ലെ എ.കെ.ആന്റണി മന്ത്രിസഭയിൽ ധനം, കയർ, ദേവസ്വം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി.
സഹകാരിയെന്നനിലയിലും അദ്ദേഹത്തിന്റെ കർമമണ്ഡലം വിപുലമായിരുന്നു. 1968 മുതൽ കൊല്ലം സഹകരണ അർബൻ ബാങ്ക് പ്രസിഡന്റാണ്. പരവൂർ എസ്.എൻ.വി.സമാജം ട്രഷറർ, എസ്.എൻ.വി. സ്‌കൂൾ മാനേജർ, എസ്.എൻ.വി. ബാങ്ക് ട്രഷറർ, കൊല്ലം ക്ഷീരോത്പാദക സഹകരണസംഘം ഡയറക്ടർ, ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, സഹകരണ സ്പിന്നിങ് മിൽ സ്ഥാപക ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം എന്നീനിലകളിലൊക്കെ പ്രവർത്തിച്ചു. ആർ.ശങ്കർ ശതാബ്‌ദി ആഘോഷ കമ്മറ്റി ചെയർമാൻ, അഖിലകേരള ഉപനിഷദ് വിദ്യാഭവൻ പ്രസിഡന്റ്, എന്നീനിലകളിലും പ്രവർത്തിച്ചിരുന്നു.
ഭാര്യ: അഭിഭാഷകയായ വസന്തകുമാരി.മക്കൾ: അജി (മുൻ പ്രൊജക്ട‌് മാനേജർ, ഇൻഫോസിസ്). അനി (വൈസ് പ്രസിഡന്റ്, വോഡഫോൺ- ഐഡിയ). മരുമകൾ-
സ്മിത.
