തിരുവനന്തപുരം: ഇന്ത്യയുടെ മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരെ യോജിച്ച സാംസ്‌കാരിക പ്രതിരോധം തീര്‍ക്കണമെന്നും രാജ്യത്തെ ഭിന്നിപ്പിച്ചുകൊണ്ട് മത തീവ്രവാദം വളര്‍ത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പോരാട്ടം തുടരണമെന്നും ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ പി ഗോപകുമാര്‍ ആഹ്വാനം ചെയ്തു. എഴുത്തുകാരന്റെ തൂലികയെ ഭയക്കുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് എതിരെ നിരന്തരം സംസാരിച്ചുകൊണ്ട് ജനങ്ങളെ ബോധവല്‍ക്കരിച്ചുകൊണ്ട് സമൂഹത്തില്‍ വളരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശക്തമായി എതിര്‍ത്തുകൊണ്ട് പുരോഗമന ചിന്താഗതിയുള്ള ഒരു പൊതു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് എല്ലാവരും ഒന്നിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജോയിന്റ് കൗണ്‍സില്‍ മുഖപത്രമായ കേരള എന്‍ജിഒയുടെ വരിസംഖ്യ ക്യാമ്പയിനിന്റെ തിരുവനന്തപുരം സൗത്ത് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൗസിംഗ് ബോര്‍ഡ് അങ്കണത്തില്‍ നടന്ന യോഗത്തില്‍ തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് ആര്‍.കലാധരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ എം.എസ്. സുഗൈദകുമാരി, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി ശ്രീകുമാര്‍, വി കെ മധു, ആര്‍ സിന്ധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ യു സിന്ധു, വി ശശികല, എസ്.അജയകുമാര്‍, ജി സജീബ് കുമാര്‍, എന്‍ സോയാ മോള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി വിനോദ് വി നമ്പൂതിരി സ്വാഗതവും മേഖലാ സെക്രട്ടറി ദീപ ജി എസ് നന്ദിയും പറഞ്ഞു
