വനിതാ കണ്ടക്ടർക്കും ഡ്രൈവർക്കുംകുറേ നാളുകളായി അവിഹിതബന്ധം ഉണ്ടെന്ന് കാണിച്ച് ടിയാന്റെ ഭാര്യ ഗതാഗതവകുപ്പ് മന്ത്രിയ്ക്ക് നൽകിയ പരാതിയിന്മേൽ ചീഫ് ഓഫീസ് വിജിലൻസിന്റെ ഇൻസ്പെക്ടർ അന്വേഷണം നടത്തി.
പരാതിക്കാരിയെ നേരിൽ കണ്ട് അന്വേഷിച്ചതിൻ്റെ അടിസ്ഥാനത്തിൽ 01.06.2025 ൽ മൊബൈലിൽ പകർത്തിയ ചില വീഡിയോദൃശ്യങ്ങളും, വാട്ട്സ് ആപ് ചാറ്റ് ഭർത്താവിന്റെ ഫോണിൽ നിന്നും ഫോട്ടോയായി എടുത്തതും തെളിവായി കാണിച്ച്ഗതാഗതവകുപ്പ് മന്ത്രിയ്ക്ക് നൽകിയ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് സ്ഥിരികരണമൊഴി എഴുതി നൽകുകയുണ്ടായി. പരാതിക്കാരി സ്ഥിരകരണമൊഴിയിൽ വാട്ട്സ് ആപ് ചാറ്റ് ഭർത്താവിന്റെ ഫോണിൽ നിന്നും ഫോട്ടോയായി എടുത്തതെന്നും വീഡിയോ ദൃശ്യങ്ങൾ പകർത്തിയത് 01.06.2025 ലാണെന്നും പറഞ്ഞിരിക്കുന്നു.
ലഭ്യമായ മൊഴികളും രേഖകളും പരിശോധിച്ചതിൽ 01.06.2025 ൽ പരാതിക്കാരിയുടെ ഭർത്തവായ ടി ബസിലെ ഡ്രൈവറുമായി ഏറെ നേരം സംസാരിക്കുന്നതും ഡ്രൈവറുടെ മൊബൈൽ വാങ്ങുകയും ബസിലുള്ള യാത്രക്കാരെ ശ്രദ്ധിക്കാതെ അവർക്ക് ഇറങ്ങേണ്ട സ്ഥലത്ത് യാത്രക്കാർ തന്നെ സ്വയം ബെല്ലെടിച്ച് ഇറങ്ങുന്നതായും കാണുന്നു. ടി കണ്ടക്ടറും ഡ്രൈവറും തമ്മിൽ അവിഹിതബന്ധം ഒന്നുമില്ലായെന്ന് പറയുന്നുണ്ടെങ്കിലും രേഖകൾ പരിശോധിച്ചതിൽ പരാതിയിൽ കഴമ്പുണ്ടെന്ന് ബോദ്ധ്യമാകുന്നു. കണ്ടക്ടർ യാത്രക്കാരേയും ബസിന്റെ ഇടതുവശവും ശ്രദ്ധിക്കാതെയും മൂന്നിൽ ഡ്രൈവറുടെ സമീപത്ത് നിന്നും ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്നവിധത്തിൽ ഡ്രൈവറോട് സംസാരിച്ചിരുന്നത് കണ്ടക്ടറുടെ ഭാഗത്തുള്ള വീഴ്ചയാണ്.
ആയതിനാൽ ഡ്യൂട്ടിയ്ക്കിടയിൽ ഡ്രൈവറുടെ ശ്രദ്ധ ഡ്രൈവിംഗിൽ നിന്നും മാറുന്ന തരത്തിൽ ഡ്രൈവറുടെ അടുത്ത് സംസാരിച്ചുകൊണ്ടിരുന്നും, യാത്രക്കാരെ യഥാസമയം ഇറക്കിവിടുന്നതിൽ ശ്രദ്ധിക്കാതെ ഡ്യൂട്ടി നിർവ്വഹിക്കുകയും ഇത്തരത്തിലൊരു പരാതിയ്ക്ക് ഇടവരുത്തി കോർപ്പറേഷന് അവമതിപ്പിന് ഇടവരുത്തിയ വനിത കണ്ടക്ടറെയാണ് സസ്പെൻ്റ് ചെയ്തത്. നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയരുകയും ജോലിയിലെ വീഴ്ച അന്വേഷിക്കുന്നതിന് പകരം വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് മാനേജ്മെന്റ് കടന്നുകയറിയയെന്ന വിമർശനം ശക്തമാവുകയും ചെയ്തതോടെയാണ് മന്ത്രി ഇടപെട്ടത്. വനിത കണ്ടക്ടറെ ശനിയാഴ്ച തന്നെ ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. മന്ത്രിയുടെ അറിവോടെയല്ല ഇത്തരമൊരു ഉത്തരവ് ഇറങ്ങിയതെന്നാണ് മന്ത്രിയുടെ ഓഫീസ് സസ്പെൻ്റ്റ് ചെയ്ത കാര്യം അറിഞ്ഞിട്ടില്ലെന്നും അറിയുന്നു.
