Home / Trending / ഷെയർ ട്രേഡിങ്ങിന്റെ മറവിൽ തട്ടിപ്പ്; തട്ടിപ്പുസംഘാംഗം പിടിയിൽ

ഷെയർ ട്രേഡിങ്ങിന്റെ മറവിൽ തട്ടിപ്പ്; തട്ടിപ്പുസംഘാംഗം പിടിയിൽ

കൊല്ലം: ഷെയർ ട്രേഡിങ്ങിന്റെ മറവിൽ കൊട്ടിയം സ്വദേശിയിൽ നിന്നും 15 ലക്ഷത്തിലധികം രൂപ തട്ടിയ സംഘത്തിൽ ഉൾപ്പെട്ട ആൾ കൊല്ലം സിറ്റി സൈബർ പോലീസിന്റെ പിടിയിലായി. എറണാകുളം ജില്ലയിൽ പോണേക്കര വില്ലേജിൽ മീഞ്ചിറ റോഡിൽ PNRA 144-ൽ ഗ്‌ളോറിയ ഭവനിൽ ജയിംസ് മകൻ ജോൺസൺ (51) ആണ് പിടിയിലായത്.
ഷെയർ ട്രേഡിങ്ങിൽ വിശദമായ പരിശീലനം ലഭ്യമാണെന്ന ഫേസ്ബുക്ക് പരസ്യത്തിൽ വിശ്വസിച്ച് ബന്ധപ്പെട്ടതോടെ തട്ടിപ്പ് സംഘാംഗങ്ങൾ ഉൾപ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാക്കി. തുടർന്ന് ഷെയർ ട്രേഡിങ്ങിനേക്കാൾ മികച്ചത് ബ്ലോക്ക് ട്രേഡിങ്ങും ഇൻസ്റ്റിട്യൂഷണൽ ട്രേഡിങ്ങും ആണെന്നും ഇതിലൂടെ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പണം ഉണ്ടാക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതിനായുള്ള പരിശീലനം നൽകിയ ശേഷം ട്രേഡിങിനായുള്ള എല്ലാ നിർദ്ദേശങ്ങളും നൽകാമെന്ന് വാഗ്ദാനവും ചെയ്യ്തു. തുടർന്ന് യഥാർത്ഥമായ ഒരു ഷെയർ ട്രേഡിങ്ങ് പ്ലാറ്റ്‌ഫോമിന്റെ അതേ പേരിലുള്ള വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് വിശ്വാസം നേടിയെടുത്ത ശേഷം ബ്ലോക്ക് ട്രേഡിങ്ങ് ചെയ്യാനെന്ന വ്യാജേന പ്രതികളുടെ നിർദ്ദേശപ്രകാരം പല തവണകളായി 15 ലക്ഷത്തിലധികം രൂപ പല ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് എടുക്കുകയായിരുന്നു. എന്നാൽ പിന്നീട് നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ പിൻവലിക്കാൻ കഴിയാതെ വന്നതോടുകൂടിയാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കി കൊല്ലം സിറ്റി സൈബർ പോലീസിനെ സമീപിച്ചത്. പരാതിയെ തുടർന്ന് പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ തട്ടിയെടുത്ത തുക പല അക്കൗണ്ടുകൾ കൈമാറിയതായും ഈ തുകയിലെ ഒരു ഭാഗം എറണാകുളം സ്വദേശിനിയായ യുവതിയുടെ അക്കൗണ്ട് വഴി പൻവലിച്ചതായും കണ്ടെത്തുകയും തുടർന്ന് അക്കൗണ്ട് ഉടമയെ ചോദ്യം ചെയ്യ്തതിൽ നിന്നും യുവതിയുടെ അക്കൗണ്ട് തട്ടിപ്പ് സംഘാംഗങ്ങൾ തന്ത്രപരമായി ഉപയോഗപ്പെടുത്തിയതാണെന്നും കണ്ടെത്തി. തുടർന്ന് തട്ടിപ്പ്‌സംഘത്തെ പോലീസ് നിരീക്ഷിച്ച് വരവെ സമാന രീതിയിലുള്ള തട്ടിപ്പിന് പാലക്കാട് സ്വദേശികളായ ഹക്കീം, മുഹമ്മദ് ജാഫർ എന്നിവരെ മലപ്പുറം കൊളത്തൂർ പോലീസ് പിടികൂടുകയും കൊല്ലം സിറ്റി സൈബർ പോലീസിന്റെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിൽ ഇവരുടെ ഫോണിൽ നിന്നും എറണാകുളം സ്വദേശിനിയായ യുവതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും ലഭിച്ചതിനെ തുടർന്ന് തട്ടിപ്പ് സംഘത്തിലെ കണ്ണിയായ ജോൺസനെ പോലീസ് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കേരളത്തിൽ നിന്നടക്കം നിരവധി ആളുകളുടെ കോടിക്കണക്കിന് രൂപ ഓൺലൈൻ തട്ടിപ്പിലൂടെ കവർന്നെടുത്ത അന്തർദേശീയ തട്ടിപ്പ് സംഘമായ കംബോടിയൻ തട്ടിപ്പ് സംഘത്തിന്റെ കേരളത്തിലെ മുഖ്യ കണ്ണികളാണ് ഹക്കീമും, മുഹമ്മദ് ജാഫറും. ഇത്തരത്തിൽ തട്ടിയെടുക്കുന്ന തുക സാധാരണക്കാരായ പലരുടേയും അക്കൗണ്ടുകളിലൂടെ പിൻവലിച്ച് എടുക്കുന്നതാണ് ഇവരുടെ രീതി. ഇതിനായ് ഇടനിലക്കാരെ ഉപയോഗിച്ച് നിരവധി ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് എടുക്കുകയും ചെയ്യുന്നു.
കൊല്ലം സിറ്റി ഡി.സി.ആർ.ബി അസ്സി.പോലീസ് കമ്മീഷണർ നസീർ. എ യുടെ നിർദ്ദേശപ്രകാരം കൊല്ലം സിറ്റി സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അബ്ദുൽ മനാഫിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഗോപകുമാർ, നിയാസ്, നന്ദകുമാർ, എ.എസ്.ഐ അരുൺ കുമാർ, സി.പി.ഓ അബ്ദുൾ ഹബീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.