തിരുവനന്തപുരം:കേരളത്തിലെ എൻജിനീയറിങ് മെഡിക്കൽ എൻട്രൻസ് കീം ഫലം റദ്ദാക്കി കൊണ്ടുള്ള സിംഗിൾ ബെഞ്ച് വിധി കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്തെ പിന്നോട്ടടിക്കുന്ന വിധിയായി മാറി എന്നും സിംഗിൾ ബെഞ്ച് വിധിയ്ക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ തള്ളിയതോടെ കേരളത്തിലെ വിദ്യാർത്ഥികൾ കടുത്ത പ്രതിസന്ധിയിലാണ് എന്നും സർക്കാർ ഇക്കാര്യം പരിഹരിക്കാൻ ഇടപെട്ടിട്ടും സർക്കാരിന്റെ അപ്പീൽ തള്ളിക്കൊണ്ട് കോടതി വിധിയെഴുതിയത് പൊതു വിദ്യാഭ്യാസ രംഗത്തെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടു എന്നും അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി ജനറൽ കൺവീനർ കെ പി ഗോപകുമാർ അഭിപ്രായപ്പെട്ടു.
പ്ലസ്ടുവിൽ മികച്ച മാർക്ക് ഉണ്ടായിട്ടും മാർക്ക് സമീകരണത്തിൽ സംസ്ഥാന സിലബസ്സുകാർ പിന്നിലാകുന്നു എന്ന ആക്ഷേപം പരിഹരിക്കാനാണ് സർക്കാർ ഫോർമുലയിൽ മാറ്റം വരുത്തിയത്. പ്രോസ്പെക്ടസിൽ പറഞ്ഞിരിക്കുന്ന ഫോർമുല പ്രകാരം പുതിയ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കണം എന്നാണ് ഇപ്പോൾ കോടതി സാങ്കേതികമായ കാരണങ്ങൾ പറഞ്ഞുകൊണ്ട് ഉത്തരവിട്ടിരിക്കുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ പഠിച്ച വിദ്യാർത്ഥികൾക്ക് അർഹമായ പരിഗണന ലഭിക്കാതെ വരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ഇപ്പോൾ സർക്കാർ ഏർപ്പെടുത്തിയ മാർക്ക് സമീകരണം ഏറെക്കുറെ കേരള സിലബസിൽ പഠിച്ച കുട്ടികൾക്ക് അനുകൂലവും എല്ലാവർക്കും നീതി ഉറപ്പാക്കുന്നതുമായിരുന്നു. 2011-ൽ നിശ്ചയിച്ചതാണ് പഴയ ഫോർമുല ഇതനുസരിച്ച് എൻട്രൻസ് പരീക്ഷയുടെ മാർക്കിനൊപ്പം പ്ലസ് ടു അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്കും റാങ്ക് നിർണയിക്കാൻ കണക്കാക്കും കണക്ക് ഫിസിക്സ് കെമിസ്ട്രി വിഷയങ്ങളിൽ ലഭിച്ച മാർക്ക് 1:1:1 എന്ന് അനുപാതത്തിലാണ് എടുക്കുക. ഇത്തരത്തിൽ എടുക്കുന്നതിൽ മാർക്ക് സമീകരണം കഴിഞ്ഞ് കേന്ദ്ര സിലബസ്സുകാരെക്കാൾ 27 മാർക്ക് വരെ കേരള സിലബസ്സുകാർക്ക് കുറവ് വരുന്ന സ്ഥിതി ഒഴിവാക്കാനാണ് സർക്കാർ ഫോർമുല മാറ്റിയത്.
പഴയ ഫോർമുല തുടരാൻ ഹൈക്കോടതി ഉത്തരവിടുന്നതോടെ 76230 കുട്ടികളുടെ റാങ്ക് മാറി മറിയുകയാണ് മുന്നിലെത്തിയ സംസ്ഥാന സിലബസ്സുകാർ പിന്നിലാകുകയും വീണ്ടും അത് നിയമ യുദ്ധങ്ങളിലേക്ക് പോവുകയും ചെയ്യും പ്രവേശനം വൈകിയാൽ വിദ്യാർഥികൾ തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിലേക്ക് പോകും തമിഴ്നാട്ടിൽ പ്രവേശനം തുടങ്ങി കഴിഞ്ഞു ഒരു വർഷം 60,000 കുട്ടികൾ അന്യസംസ്ഥാനങ്ങളിൽ പഠനത്തിനായി പോകുന്നുണ്ട്. ഇത്തരത്തിൽ അന്യസംസ്ഥാന ലോബികളുടെ ആവശ്യം പരിഗണിച്ചുകൊണ്ട് നിയമസംവിധാനം കൂടി അവർക്ക് അനുകൂലമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് സാധാരണക്കാർക്ക് തോന്നിയാൽ തെറ്റു പറയാനില്ല. കേരളത്തിലെ ഗവൺമെന്റിന്റെ തീരുമാനത്തെ അട്ടിമറിക്കുന്നതിന് വേണ്ടി അന്യസംസ്ഥാന ലോബി ഇത്തരം തീരുമാനങ്ങൾക്ക് പിന്നിൽ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം തീരുമാനങ്ങൾ കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിൽ ആക്കുകയും അന്യസംസ്ഥാന ലോബിയെ സഹായിക്കുന്നതായി മാറുകയും ചെയ്യും. വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ ആക്കുന്ന ഇത്തരം സമീപനങ്ങൾ മാറണമെന്നും കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രവേശന പരീക്ഷ സുതാര്യമായ രീതിയിൽ ഫലം പ്രഖ്യാപിച്ചുകൊണ്ട് എത്രയും എളുപ്പത്തിൽ മെഡിക്കൽ എൻജിനീയറിങ് പ്രവേശനം സാധ്യമാക്കണമെന്നും അധ്യാപക സർവീസ് സംഘടന സമരസമിതി ജനറൽ കൺവീനർ കെ പി ഗോപകുമാർ ആവശ്യപ്പെട്ടു.
