തീകത്തുന്ന കപ്പലിലെ ആപല്‍ക്കരമായ വസ്തുക്കള്‍ എന്താവും ആശങ്കയില്‍ കേരളം
കോഴിക്കോട്. അഗ്നിബാധ തുടരുന്ന ചരക്ക് കപ്പലിൽ ഉള്ളത് അതീവ അപകടകരമായ 140 കണ്ടെയിനറുകൾ. ഗുരുതര പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന രാസവസ്തുക്കളും, കീടനാശിനികളും അടക്കമാണ് കണ്ടെയിനറുകളിൽ ഉള്ളത്. കസ്റ്റംസിന് ലഭിച്ച കപ്പലിന്റെ കാർഗോ മാനിഫെസ്റ്റിൽ നിന്നുമാണ് കപ്പലിനുള്ളിൽ എന്ത് എന്ന വിവരം പുറത്ത് വന്നത്. വിവരങ്ങളുടെ വിശദാംശങ്ങൾ ഇങ്ങനെ.
തീ ആളിപ്പടരുന്ന ചരക്ക് കപ്പലിൽ എന്തൊക്കെ വസ്തുക്കളാണ് ഉള്ളത് എന്നതിന്റെ വിവരങ്ങളാണ് കാർഗോ മാനിഫെസ്റ്റിൽ നിന്ന് കസ്റ്റംസിന് ലഭിച്ചത്.140 കണ്ടെയിനറുകൾക്കുള്ളിൽ അതീവ ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന രാസ വസ്തുക്കളും, കീടനാശിനികളും ഉണ്ട് എന്നാണ് കണ്ടെത്തൽ.20 കണ്ടെയിനറുകളിൽ 1.83 ലക്ഷം കിലോ ബൈപൈറി ഡിലിയം കീടനാശിനിയാണ് ഉള്ളത്,.മറ്റൊരു കണ്ടെയിനറിൽ 27,786 കിലോ ഗ്രാം ഈതൈൽ ക്ലോറോ ഫോർമേറ്റും സംഭരിച്ചിട്ടുണ്ട്. ഡൈ മീതൈൽ സൾഫേറ്റ്, ഹെക്സാ മെത്തലിൻ ഡൈ സോ സയനേറ്റ് എന്നിവയും കത്തുന്ന കപ്പലിനുള്ളിൽ ഉള്ള രാസ വസ്തുക്കളാണ്.167 പെട്ടി ലിഥിയം ബാറ്ററി, ബെൻസോ ഫെനോൺ എന്നിവ വലിയ പാരിസ്ഥിതക ദുരന്തം ഉണ്ടാക്കാവുന്നവയാണ്.പെയിന്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഈഥൈൽ മീഥൈൽ കീറ്റോൺ 40 കണ്ടെയിനറുകളിലായി കപ്പലിലുണ്ട്.12 കണ്ടെയിനറുകളിൽ നാഫ്ത്തലിൻ, പാരാ ഫോർമാൽ ഡീ ഹൈഡ് എന്നിവ ഉള്ളതും അപകട ഭീഷണി കൂട്ടുകയാണ്. വായൂ സമ്പർക്കം ഉണ്ടായാൽ തീ പിടിക്കുന്ന 4000 കിലോ രാസ വസ്തുക്കൾ കണ്ടെയിനറിൽ ഉണ്ട് എന്നതും തീ അണയ്ക്കാനുള്ള ശ്രമത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതിന് പുറമെ കപ്പലിനുള്ളിൽ സംഭരിച്ചിരിക്കുന്ന 240 ടൺ ഡീസലും, ഇന്ധന ടാങ്കിൽ ഉള്ള 2000 ടൺ പെട്രോളും നിലവിലെ സ്ഥിതിയിൽ കൂടുതൽ തീ വ്യാപിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നതായും വിലയിരുത്തുന്നു.