കായംകുളം:ഉപഭോക്താക്കൾക്കു വൈദ്യുതി കുടിശ്ശികയുണ്ടെങ്കിൽ ഇപ്പോൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ അടച്ചു തീർത്താൽ ഇളവുകൾ ലഭിക്കും. മേയ് 𝟮𝟬 മുതൽ മൂന്നു മാസക്കാലത്തിനുള്ളിൽ കുടിശ്ശിക അടച്ചു തീർക്കുന്നവർക്കാണ് ഇൗ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 𝟮 വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകളാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ പരിധിയിൽ വരുന്നത്. കുടിശ്ശിക അടച്ചു തീർക്കുന്നവർക്കു വിച്ഛേദിക്കപ്പെട്ട കണക്‌ഷനുകൾ പുനഃസ്ഥാപിച്ചു കിട്ടുകയും ചെയ്യും. കുടിശ്ശിക 𝟭𝟬 വർഷത്തിനുമേൽ പഴക്കമുള്ളതാണെങ്കിൽ തുകയുടെ 𝟭𝟴 % നിരക്കിലുള്ള പലിശ പൂർണമായും ഒഴിവാക്കി നൽകും. കൂടാതെ 𝟱 മുതൽ 𝟭𝟬 വർഷം വരെയുള്ള കുടിശ്ശികയ്ക്കു 𝟰%, 𝟮 മുതൽ 𝟱 വർഷം വരെയുള്ള കുടിശ്ശികയ്ക്ക് 𝟲% എന്നീ നിരക്കിലാണ് പലിശ നൽകേണ്ടി വരുന്നത്. 𝟲 മാസത്തെ തുല്യ ഗഡുക്കളായി പലിശ അടയ്ക്കാനും അനുവദിക്കും.
കോടതിക്കേസ്, റവന്യു റിക്കവറി എന്നിങ്ങനെയുള്ള വിഷയങ്ങളും ഇൗ പദ്ധതി പ്രകാരം ഒത്തുതീർപ്പാക്കാനും കഴിയും. ലോടെൻഷൻ ഉപയോക്താക്കൾ അതത് സെക്‌ഷൻ ഒാഫിസിലും ഹൈടെൻഷൻ ഉപയോക്താക്കൾ സ്പെഷൽ ഒാഫിസർ റവന്യു കാര്യാലയത്തിലുമാണ് ഇൗ പദ്ധതി സേവനത്തിനായി സമീപിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്കും കുടിശ്ശിക അടയ്ക്കുന്നതിനും https://ots.kseb.in എന്ന വെബ്പോർട്ടൽ സന്ദർശിക്കുക.
