തിരുവനന്തപുരം:വ്യാവസായിക പരിശീലന വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ സ്പെഷ്യൽ റൂൾ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് സീനിയോരിറ്റി മറികടന്ന് പ്രമോഷൻ നൽകാൻ തൊഴിലും നൈപുണ്യവും വകുപ്പ് അണ്ടർ സെക്രട്ടറിയുടെ ഉത്തരവ്.ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള യോഗ്യതകളിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും മൂന്നുവർഷത്തെ പ്രവർത്തന പരിചയവും അല്ലെങ്കിൽ നാഷണൽ അപ്രന്റീസ്‌ഷിപ് സർട്ടിഫിക്കറ്റും രണ്ടുവർഷത്തെ പരിചയവും അതുമല്ലെങ്കിൽ ഡിപ്ലോമയുമാണ് ഉൾപ്പെട്ടിട്ടുള്ളത്. പി.എസ്. സി മുഖേന നേരിട്ടുള്ള നിയമനങ്ങൾക്കാണ് ഈ യോഗ്യതകൾ പരിഗണിക്കുന്നത്.വർക്ക് ഷോപ്പ് അറ്റൻഡറിൽ നിന്നും ഈ തസ്തികയിലേക്കുള്ള പ്രമോഷൻ ലഭിക്കണമെങ്കിൽ മൂന്നുവർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം എന്നതാണ് ചട്ടം.അധിക യോഗ്യതയുള്ളവർക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവുകൾ സ്പെഷ്യൽ റൂളിൽ രേഖപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യം നിലനിൽക്കെയാണ് സീനിയോറിറ്റി മറികടന്ന് പ്രമോഷൻ നൽകണമെന്ന് അണ്ടർ സെക്രട്ടറിയുടെ തെറ്റായ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. മാർച്ച് മാസം ഇറങ്ങിയ ഈ ഉത്തരവ് പൂഴ്ത്തി വെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇത് ജീവനക്കാർക്ക് ലഭിച്ചത്.യുക്തിക്ക് നിരക്കാത്ത ഇത്തരം ഉത്തരവുകൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ജീവനക്കാർ ഒന്നാകെ ആശങ്കപ്പെടുന്നു.ഇത്തരം കീഴ്‌വഴക്കങ്ങൾ എല്ലാ വകുപ്പുകളിലേയും പ്രമോഷനുകളെ ബാധിക്കാനിടയുണ്ട്.സീനിയോറിറ്റി ലിസ്റ്റിന് യാതൊരു പ്രാധാന്യവും ഇല്ലാതെയാക്കുന്ന ഇത്തരം ഉത്തരവുകൾ പുനഃപരിശോധിക്കണം എന്നാണ് ഐടിഐ അധ്യാപകരുടെ ആവശ്യം.
ഉയർന്ന തസ്തികകളിലേക്കുള്ള യോഗ്യതയുള്ളവർ താഴ്ന്ന തസ്തികകളിൽ ജോലി നേടിയ ശേഷം തനിക്ക് ഉയർന്ന യോഗ്യത ഉണ്ട് എന്ന് അവകാശപ്പെട്ട് സീനിയോറിറ്റി മറികടന്ന് പ്രമോഷൻ നേടിയാൽ നിലവിലുള്ള സിവിൽസർവീസ് സംവിധാനത്തെ തന്നെ തകരാറിലാക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.സമയബന്ധിതമായി വർഷാവർഷം ഗ്രഡേഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ച് സീനിയോരിറ്റി നിശ്ചയിച്ച് നൽകാത്തത് ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് എന്നാണ് പരക്കെ ആക്ഷേപം.
സ്പെഷ്യൽ റൂൾ മറികടന്ന് എക്സിക്യൂട്ടീവ് ഓർഡറുകൾ ഇറക്കാൻ കഴിയുകയില്ല എന്ന നിരവധി കോടതി വിധികൾ നിലനിൽക്കെ മുൻപ് സ്പെഷ്യൽ റൂൾ മറികടന്ന് എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം തെറ്റായി പ്രമോഷൻ നേടിയവരിൽ പ്രമുഖരായ യൂണിയൻ നേതാക്കൾ തങ്ങളുടെ സീനിയോറിറ്റി പുനസ്ഥാപിച്ച് നൽകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സർക്കാറിനെ സമീപിച്ചിരിക്കുകയാണ്. ആയതിന്റെ ടെസ്റ്റ് ഡോസ് എന്നോണമാണ് അണ്ടർ സെക്രട്ടറി ഈ ഉത്തരവിറക്കിയിട്ടുള്ളത് എന്നാണ് ആരോപണം. ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയുള്ള ഉത്തരവുകൾ വ്യാവസായിക പരിശീലന വകുപ്പിൽ തുടർക്കഥയാകുന്നത് ഗൗരവത്തോടെയാണ് ജീവനക്കാർ വീക്ഷിക്കുന്നത്. അതിനാൽതന്നെ അണ്ടർ സെക്രട്ടറിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുമെന്ന് ഐടിഐ അധ്യാപക സംഘടനാ ഭാരവാഹികൾ അറിയിച്ചു.
നിയമ വിരുദ്ധമായ ഈ ഉത്തരവ് പിൻവലിക്കണം എന്ന് ആവിശ്യപ്പെട്ടുകൊണ്ട് ഐ ടി ഐ അധ്യാപകസംഘടനയായ ITDIO ബഹു.വകുപ്പുമന്ത്രിക്കും ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാരവകുപ്പ് സെക്രട്ടറിക്കും പരാതി നൽകും.
