നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ അതൃപ്തി പരസ്യമാക്കി പി.വി.അൻവർ. ആരെയെങ്കിലും എംഎൽഎ ആക്കാനല്ല താൻ രാജിവച്ചതെന്ന് അൻവർ പറഞ്ഞു. പിണറായിസത്തെ തോൽപ്പിക്കാൻ ചെകുത്താന്‍റെ ഒപ്പം നിൽക്കും, പക്ഷെ ചെകുത്താൻ നല്ലത് ആയിരിക്കണം. താൻ മത്സരിക്കുമോ എന്നത് തള്ളുകയും കൊള്ളുകയും വേണ്ടെന്നും അൻവർ പറഞ്ഞു. ഇതോടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ താൻ അംഗീകരിക്കില്ലെന്ന വ്യക്തമായ സൂചന നൽകിയിരിക്കുകയാണ് അൻവർ.
യുഡിഎഫ് പ്രവേശനം വൈകുന്നതിലും അൻവർ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അസോസിയേറ്റഡ് മെമ്പർ ആക്കുമെന്നാണ് പറഞ്ഞത്, അതും ആക്കിയില്ല. അസോസിയേറ്റഡ് മെമ്പർ എന്നാൽ ബസിന്‍റെ വാതിലിൽ നിൽക്കുന്നത് പോലെയാണ്. സീറ്റ് കിട്ടിയാൽ അല്ലേ ഇരിക്കാനാകൂ. യുഡിഎഫ് പ്രവേശനം വേഗം വേണം. സഹകരണം പോരാ, ഘടകകക്ഷിയായി തൃണമൂലിനെ ഉൾപ്പെടുത്തണമെന്നും അൻവർ ആവശ്യപ്പെട്ടു.
