എറണാകുളം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിവിധയിടങ്ങളിൽ അപകടവും വ്യാപക നാശവും. തൃശൂർ-ഗുരുവായൂർ റൂട്ടിൽ റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തൃശൂര്‍ അമല പരിസരത്ത് ആണ് സംഭവം. റെയിൽവേ ട്രാക്കിൽ ഇലക്ട്രിക് ലൈനിലേക്ക് ആണ് മരം വീണത്. മരം നീക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. തൃശൂര്‍-ഗുരുവായൂര്‍ റെയില്‍വെ പാതയിലെ ട്രെയിൻ ഗതാഗതമാണ് തടസ്സപ്പെട്ടത്.
എറണാകുളത്ത് കാർ തല കീഴായ് മറിഞ്ഞു. കളമശ്ശേരി അപ്പോളോ ജംഗ് ഷന് സമീപത്തെ മേൽപ്പാലത്തിൽ ഇന്ന് പുലർച്ചെ 5:15 ഓടുകൂടിയാണ് അപകടമുണ്ടായത്. അപകടത്തിൽ വാഹനം ഓടിച്ചിരുന്ന കോട്ടയം സ്വദേശി ജയിംസിന് പരുക്കേറ്റു. ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന് മുന്നിൽ ഉണ്ടായിരുന്ന വാഹനം വെള്ളക്കെട്ട് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. പിന്നാലെ കാറിൽ വന്നിരുന്ന ജെയിംസ് കാർ പെട്ടെന്ന് വെട്ടിച്ചതോടെ കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിന്‍റെ സൈഡിൽ ഇടിച്ച് മറിയുകയായിരുന്നു.
മൂവാറ്റുപ്പുഴ വടക്കെകടവിൽ ഒരാളെ ഒഴുക്കിൽപെട്ട് കാണാതായി. വള്ളിക്കട സ്വദേശി ജോബിനെ (42)ആണ് ഇന്നലെ രാത്രി കാണാതായത്. ജോബിനെ കണ്ടെത്താൻ തെരച്ചിൽ ആരംഭിച്ചു. കണ്ണൂരിൽ മലയോരത്ത് കനത്ത മഴ തുടരുകയാണ്. കണ്ണൂരിലെ കുപ്പം പുഴ മണിക്കടവ്,ചപ്പാത്ത്, വയത്തൂർ എന്നീ പാലങ്ങൾ മുങ്ങി. മലയോര ഹൈവേയുടെ നിർമ്മാണത്തിനായി അങ്ങാടി കടവിൽ താൽക്കാലികമായി ഉണ്ടാക്കിയ പാലവും മുങ്ങി. കണ്ണൂരിലെ കുപ്പം പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. സമീപത്തെ കടകളിൽ വെള്ളം കയറി.
