സുപ്രീംകോടതിയുടെ താല്‍ക്കാലിക വിധി ബി ജെ പി സര്‍ക്കാരിനേറ്റ അടുപ്പിച്ചുള്ള മൂന്നാമത്തെ അടിയാണ് എന്ന് സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. വഖഫ് നിയമത്തിലൂടെ മുനമ്പം പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന ബി ജെ പി യുടെ അവകാശവാദം കേന്ദ്ര ന്യൂനപക്ഷ വകുപ്പുമന്ത്രി കിരണ്‍ റിജിജു തന്നെ പൊളിച്ചിരിക്കുന്നു. മുനമ്പം പ്രശ്‌നത്തില്‍ പരിഹാരം കാണുന്നതിനായി നിവാസികള്‍ സുപ്രീംകോടതിയില്‍ കേസ് നടത്തി അവരുടെ സ്വത്ത് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് സംശയലേശമന്യേ പറഞ്ഞ മന്ത്രി മുനമ്പം നിവാസികളെ വഞ്ചിക്കുകയായിരുന്നു. കൂടാതെ വഖഫ് സ്വത്തുക്കളില്‍ നിലവിലെ ഘടനയില്‍ യാതൊരു മാറ്റവും പാടുള്ളതല്ലായെന്ന് സുപ്രീംകോടതി പറഞ്ഞുവച്ചതോടുകൂടി ബി ജെ പി സര്‍ക്കാര്‍ മുനമ്പം നിവാസികളെ നിരന്തരം മോഹന വാഗ്ദാനങ്ങള്‍ കൊടുത്ത് പറ്റിക്കുകയായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.രാജ്യത്ത് ക്രിസ്ത്യന്‍, മുസ്ലീം മതവിഭാഗങ്ങള്‍ക്കിടയില്‍ വൈരം വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള ബി ജെ പി – ആര്‍ എസ് എസ് തന്ത്രങ്ങള്‍ വിജയം കണ്ടില്ലായെന്നും സര്‍ക്കാര്‍ പാസ്സാക്കിയ വഖഫ് ഭേദഗതി അര്‍ത്ഥശൂന്യമാണ് എന്ന് തെളിഞ്ഞതായും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ സമൂഹം നടത്തിയ ”കുരിശ്ശിന്റെ വഴി” എന്ന മതഘോഷയാത്ര തടസ്സപ്പെടുത്തി അനുമതി നിഷേധിച്ചതും ബി ജെ പി ന്യൂനപക്ഷ വിരോധം ഒന്നുകൊണ്ടു മാത്രമാണ്. ബി ജെ പി എല്ലാ അര്‍ത്ഥത്തിലും കബളിപ്പിക്കലിന്റെ പാര്‍ട്ടിയാണ്. അതിന്റെ മുഖംമൂടി ഓരോ അവസരങ്ങളിലും അഴിഞ്ഞുവീണുകൊണ്ടിരിക്കുന്നു. ഇക്കാര്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന വഖഫ് ഭേദഗതി കേസില്‍ കക്ഷി ചേര്‍ന്നിരിക്കയാണ് എന്നും ബിനോയ് വിശ്വം പറഞ്ഞു
